അഭിമാനമാണ് പി.ടി : ലോകത്തിലെ മലയാളികള്‍ക്ക് പി.ടി തോമസ് അഭിമാനമാണെന്ന് നാട്ടിലെത്തിയ പ്രവാസി

Jaihind Webdesk
Sunday, May 15, 2022

തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പി.ടി തോമസിന്‍റെ മരണത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടപ്പ് സൗഭാഗ്യമാണെന്നും പി.ടി യെ വിജയിപ്പിച്ചത് അബദ്ധമാണെന്നുമുള്ള മുഖ്യമന്ത്രിയുടെ  പ്രസംഗത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നിരുന്നത്. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ തൃക്കാക്കരയിലെ വോട്ടർമാർ പിണറായി വിജയന്‍റെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരുന്നു. പി.ടി ക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ പ്രവാസി മലയാളികള്‍ക്കിടയിലും വിമർശനം അലയടിക്കുകയാണ്. വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തിയ സന്ദീപ് എന്ന യുവാവ് തന്‍റെ പെട്ടികളില്‍ അബദ്ധമല്ല അഭിമാനമാണ് പി.ടി എന്നെഴുതി യാത്ര ചെയ്താണ് പി.ടിയോടുള്ള ആദരവും പിണറായി വിജയനോടുള്ള അമർഷവും രേഖപ്പെടുത്തിയത്.

ലോകത്തിലെ മലയാളികള്‍ക്ക് പി.ടി അഭിമാനമാണ്. വിദേശത്ത് ജോലിക്ക് പോയവർക്കും, കർഷകർക്കും നാടിനുമെല്ലാം പി.ടി അഭിമാനമാണ്. ലോകം ഒരാളിൽ അഭിമാനം കൊള്ളുമ്പോൾ അസൂയപ്പെടുന്നവരെ നമുക്ക് അവഗണിക്കാമെന്നും സന്ദീപ് പറയുന്നു. മുഖ്യമന്ത്രിയുടെ പരാമർശം ദുഃഖമുണ്ടാക്കിയെന്നും തൃക്കാക്കരയിലെ വോട്ടർമാർ മറുപടി നല്‍കുമെന്നുമായിരിന്നു പി.ടി യുടെ ഭാര്യയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉമാ തോമസ് പ്രതികരിച്ചത്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും മറ്റ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ രംഗത്തെത്തിയിരുന്നു.