വൈദ്യുതിചാര്‍ജ് വര്‍ധനയും പവര്‍കട്ടും; മലയാളികളെ കാത്തിരിക്കുന്നത് ഇരുട്ടിന്റെ ദിനങ്ങള്‍

Jaihind Webdesk
Thursday, July 4, 2019

തിരുവനന്തപുരം: കെ.എസ്.ഇ.ബിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സര്‍ക്കാര്‍ അതിന്റെ ഭാരം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഒരുങ്ങുന്നു. വൈദ്യൂതി ചാര്‍ജ് വര്‍ദ്ധന ഈമാസം തന്നെയുണ്ടാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. 15-20 ശതമാനം നിരക്കുവര്‍ധനയാണു വൈദ്യുതി ബോര്‍ഡിന്റെ ആവശ്യമെങ്കിലും 10-12 ശതമാനം വര്‍ധനയ്ക്ക് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയേക്കും. കാലവര്‍ഷത്തിന്റെ കുറവാണ് ആഭ്യന്തര വൈദ്യുതി ഉല്‍പാദനം കുറയുന്നതിലേക്ക് നയിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. വേനലില്‍ വൈദ്യുതി ഉപയോഗം വര്‍ധിച്ചതോടെ പുറമേനിന്നു വൈദ്യുതി വന്‍തോതില്‍ പണംകൊടുത്തു വാങ്ങേണ്ടിവന്നതു സ്ഥിതി രൂക്ഷമാക്കി.

ദൈനംദിന ആവശ്യങ്ങള്‍ക്കുപോലും പണം കണ്ടെത്താനാകാത്ത സ്ഥിതിയിലാണു ബോര്‍ഡ്. പവര്‍കട്ട് കൂടാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നു വൈദ്യുതിമന്ത്രി എം.എം. മണി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം ബോര്‍ഡ് വീണ്ടും കമ്മിഷനെ സമീപിച്ചിരുന്നു. നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പും ശേഷമുള്ള സാഹചര്യങ്ങളുമാണ് ചാര്‍ജ് വര്‍ദ്ധനയില്‍ നടപ്പാക്കുന്നത് വൈകിപ്പിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ നിരക്കുവര്‍ധന സംബന്ധിച്ച റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവ് വൈദ്യുതി ബോര്‍ഡിനു ലഭിക്കാനുള്ള കാലതാമസം മാത്രമാണു ബാക്കി.

ഇപ്പോള്‍ തന്നെ നിത്യോപയോഗ സാധനങ്ങള്‍ക്കുപോലും കനത്ത വിലകൊടുക്കേണ്ടി വരുന്ന സാധാരണ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ശിക്ഷതന്നെയാകും വൈദ്യുതി നിരക്ക് വര്‍ദ്ധനയെന്ന് സാമൂഹിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.