റമദാൻ പ്രമാണിച്ച് വോട്ടിങ് പുനഃക്രമീകരിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്കേ തുടങ്ങാനാകൂ. രാവിലെ അഞ്ചുമണിക്ക് വോട്ടെടുപ്പ് തുടങ്ങുന്നത് സാധ്യമല്ലെന്നും കമ്മീഷൻ നിലപാട് അറിയിച്ചു. റംസാൻ സമയത്ത് വോട്ടെടുപ്പ് രാവിലെ അഞ്ചിന് ആരംഭിക്കാനാകുമോ എന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആരാഞ്ഞിരുന്നു. എന്നാൽ ഇതിന് കഴിയില്ലെന്നാണ് കമ്മിഷൻ നിലപാട് അറിയിച്ചിരിക്കുന്നത്.
വ്യാഴാഴ്ചയാണ് സുപ്രീംകോടതി വോട്ടെടുപ്പ് സമയം പുലർച്ചെ അഞ്ച് മണി ആക്കുന്നത് സംബന്ധിച്ച അപേക്ഷയിന്മേല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അഭിപ്രായം ആരാഞ്ഞത്. ഉയര്‍ന്ന താപനിലയും റമദാന്‍ നോമ്പും ചൂണ്ടിക്കാട്ടിയാണ് സമയം മാറ്റുന്നത് സംബന്ധിച്ച പരാതി സുപ്രീംകോടതിക്ക് മുമ്പാകെ എത്തിയത്. അഡ്വ. മൊഹമ്മദ് നിസാമുദ്ദീന്‍ പാഷയും അഡ്വ. അസദ് ഹയാത്തുമാണ് അടിയന്തര പ്രാധാന്യം ഉന്നയിച്ച് വിഷയം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്ക് മുന്നില്‍ ഫയല്‍ ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ കൌണ്‍സിലിനോട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബെഞ്ച് ആവശ്യപ്പെടുകയായിരുന്നു.
എല്ലാവർക്കും സൌകര്യപ്രദമായി വോട്ട് രേഖപ്പെടുത്താന്‍ പര്യാപ്തമായ രീതിയില്‍ 11 മണിക്കൂര്‍ നീണ്ട സമയം ഉണ്ടെന്നും അതിനാല്‍ 5, 6, 6 ഘട്ടങ്ങളിലെ വോട്ടെടുപ്പിന്‍റെ സമയം പുനക്രമീകരിക്കേണ്ട സാഹചര്യമില്ലെന്നും പാഷയ്ക്ക് നല്‍കിയ വിശദീകരണത്തില്‍ തെരഞ്ഞെടുപ്പ് പാനല്‍ അറിയിച്ചു.
ഇന്ന് അഞ്ചാം ഘട്ടവും മെയ് 12ന് ആറാം ഘട്ടവും മെയ് 19ന് അവസാനത്തേതും ഏഴാമത്തെയും ഘട്ടവും പോളിംഗ് നടക്കും. സമയമാറ്റം പോളിംഗ് ഉദ്യോഗസ്ഥരെയും സാരമായി ബാധിക്കുമെന്നും അതിനാല്‍ തന്നെ സമയമാറ്റം പ്രാവര്‍ത്തികമാകില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്