കോടതിയില്‍ നിന്ന് കണക്കിന് കിട്ടി ; പിന്നാലെ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Jaihind Webdesk
Friday, April 30, 2021

ചെന്നൈ : കൊവിഡ് അതിതീവ്ര വ്യാപനത്തില്‍ തങ്ങള്‍ക്കെതിരായ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ മാധ്യമങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഹർജി. മാധ്യമങ്ങള്‍ക്ക് ഭാഗിക വിലക്കേര്‍പ്പെടുത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആവശ്യം.

കൊവിഡ് വ്യാപനത്തിന്‍റെ പൂർണ്ണ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മദ്രാസ് ഹൈക്കോടതി കടുത്ത ഭാഷയില്‍ വിമർശിച്ചിരുന്നു. കമ്മീഷനെതിരായ കോടതി പരാമർശങ്ങള്‍ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതിരെയാണ് കമ്മീഷന്‍റെ ഹർജി. കഴിഞ്ഞ 26 നായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം. ഉത്തരവുകളിലോ വിധിന്യായങ്ങളിലോ രേഖപ്പെടുത്തിയിരിക്കുന്ന നിരീക്ഷണങ്ങളില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഒതുക്കണം, കോടതി നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. തമിഴ്‌നാട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സത്യബ്രതയാണ് മാധ്യമങ്ങളെ ഭാഗികമായി വിലക്കണമെന്നാവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കിയത്.

തെരഞ്ഞെടുപ്പ് നടത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വം ഏല്‍പ്പിച്ചിരിക്കുന്ന ഒരു സ്വതന്ത്ര ഭരണഘടനാ ഏജന്‍സിയെന്ന നിലയില്‍ തങ്ങളുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്നും മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഒരു ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ കൊലക്കുറ്റം ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. അത്തരം കാര്യങ്ങള്‍ ജനാധിപത്യത്തിലും ജനാധിപത്യ പ്രക്രിയകളിലും ജനങ്ങളുടെ വിശ്വാസം കുറയ്ക്കാനിടയാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ നല്‍കിയ ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.