‘പത്രം വായിക്കുന്നതിൽ നിന്നും കുട്ടികളെ വിലക്കിയിട്ടുണ്ട്; കടപ്പാട് വൈദ്യുതി മന്ത്രിക്ക്’; ട്രോളുമായി എല്‍ദോസ് കുന്നപ്പിള്ളി

Jaihind News Bureau
Tuesday, July 7, 2020

 

സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെ  മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ പരിഹാസവുമായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. മന്ത്രി എംഎം മണിയുടെ പഴയ ട്രോള്‍ പോസ്റ്റ് കുത്തിപ്പൊക്കിയായിരുന്നു എംഎല്‍എയുടെ പരിഹാസം. ‘നാളെ മുതൽ പത്രം വായിക്കുന്നതിൽ നിന്നും ഞാൻ കുട്ടികളെ വിലക്കിയിട്ടുണ്ട്. കടപ്പാട് : ബഹു. വൈദ്യുതി വകുപ്പ് മന്ത്രി’ എല്‍ദോസ് കുന്നപ്പിള്ളി  ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ ബന്ധങ്ങളെ ചൊല്ലി രാഷ്ട്രീയ വിവാദം മുറുകുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക്. ഐ ടി സെക്രട്ടറി ശിവശങ്കറിനെ രക്ഷിക്കാനാകാത്തതിന്റെ അമര്‍ഷവും വിഷമവും കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയ വഴി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ മുഖത്ത് പ്രത്യക്ഷമായിരുന്നു.

ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഒരാളെ എങ്ങനെ ഐ.ടി വകുപ്പില്‍ നിയമിച്ചു എന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. സ്വന്തം വകുപ്പിലെ ഇത്തരമൊരു നിയമനം അറിവില്ലാതെ എങ്ങനെ നടന്നു എന്ന ചോദ്യത്തിന് പോലും മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ആകുന്നില്ല എന്നത് വകുപ്പിലെ പിടിപ്പുകേട് വ്യക്തമാക്കുന്നതാണ്. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ ഐ.ടി സെക്രട്ടറിയുടെ പങ്ക് സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

 

https://www.facebook.com/permalink.php?story_fbid=3093894857364239&id=100002312658451