ലാലിഗ സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ ബാഴ്സലോണ- റയൽ മാഡ്രിഡ് മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഇതോടെ ലീഗിൽ 17 മത്സരങ്ങളിൽനിന്ന് 36 പോയിൻറോടെ ബാഴ്സയും റയലും യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളിൽ തുടരുന്നു. ഗോൾ വ്യത്യാസത്തിൽ മുൻതൂക്കമുള്ളതാണ് ബാഴ്സയെ ഒന്നാമതെത്തിച്ചത്.
ബാഴ്സലോണയുടെ തട്ടകമായ ന്യൂകാമ്പിൽ വീറും വാശിയും നിറഞ്ഞെങ്കിലും ഗോൾമാത്രം അകന്നു. 2002 നവംബറിനുശേഷം എൽ ക്ലാസികോ ഗോൾ രഹിത സമനിലയിൽ പിരിയുന്നത് ആദ്യമായാണ്.
പന്ത് കൈവശംവയ്ക്കുന്നതിൽ ബാഴ്സലോണമുന്നിൽനിന്നെങ്കിലും ആക്രമണത്തിൽ റയലായിരുന്നു മികച്ചുനിന്നത്. രണ്ടാം പകുതിയിൽ 72-ാം മിനിറ്റിൽ ഗാരെത് ബെയ്ൽ ബാഴ്സലോണയുടെ വലകുലുക്കിയെങ്കിലും വിഎആർ പരിശോധനയിൽ ഓഫ്സൈഡാണെന്ന് തെളിഞ്ഞതോടെ ഗോൾ നിഷേധിച്ചു.
ഒന്നാം പകുതിയിൽ കാസിമെറോയുടെ ഗോളെന്നുറച്ച ഹെഡർ ജെറാർഡ് പിക്വെ ഗോൾലൈനിൽനിന്ന് രക്ഷപ്പെടുത്തിയതും മറുവശത്ത് ലയണൽ മെസിയുടെ ഗോൾ ശ്രമം സെർജ്യോ റാമോസ് തടഞ്ഞതുമെല്ലാം മത്സരത്തിൻറെ ആവേശകരമായ മുഹൂർത്തങ്ങളായിരുന്നു.
തുടർച്ചയായ ഏഴാം എൽ ക്ലാസിക്കോയിലാണ് റയലിനു ജയം നേടാൻ സാധിക്കാതെ വരുന്നത്. 2011നുശേഷം റയലിന് ഇത്രയും എൽ ക്ലാസിക്കോയിൽ ജയമില്ലാതെ വന്നിട്ടില്ല. 2020 മാർച്ച് ഒന്നിന് റയലിൻറെ തട്ടകമായ സാൻറിയാഗോ ബർണബ്യൂവിലാണ് ലാ ലിഗയിലെ അടുത്ത എൽ ക്ലാസിക്കോ.