ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രചരണത്തിനായി ബി.ജെ.പി ഉപയോഗിക്കുന്നത് ഇന്ത്യൻ സൈന്യത്തെ. അഭിനന്ദൻ വർത്തമാന്‍റെയും സൈന്യത്തിന്‍റെയും ചിത്രങ്ങൾ പോസ്റ്ററിൽ പതിച്ചാണ് ബി.ജെ.പിയുടെ അനധികൃത പ്രചാരണം. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് ചെയ്തു.
വീണ്ടും തെരഞ്ഞെടുപ്പ് കാലം വന്നതോടെ പ്രചരണപരിപാടികൾ കൊഴുപ്പിക്കാനുള്ള മുന്നൊരുക്കത്തിലാണ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പാർട്ടികൾ. ഭരണനേട്ടങ്ങൾ അവകാശപ്പെട്ടും എതിർ പാർട്ടിയെ പഴി പറഞ്ഞും നടത്തുന്ന പ്രചരണ പരിപാടികൾ എല്ലാ തെരഞ്ഞെടുപ്പ് കാലത്തും സജീവമാണ്. എന്നാൽ ബി.ജെ.പിയെ ഇപ്പോൾ വെട്ടിലാക്കിയിരിക്കുന്നത് രാജ്യത്തിന് വേണ്ടി പൊരുതുന്ന സൈന്യത്തെ തെരഞ്ഞെടുപ്പ് ആയുധമാക്കാനുള്ള ശ്രമമമാണ്. സൈന്യത്തെ രാഷ്ട്രീയവത്ക്കരിക്കുന്ന നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്‍റെ ചിത്രം ബി.ജെ.പിയുടെ പോസ്റ്ററിൽ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. മുൻ നാവികസേനാ മേധാവി എൽ രാംദാസ് ഇതുസംബന്ധിച്ച് പരാതിപ്പെട്ടിരുന്നു. പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷം ഇത്തരം പ്രചാരണങ്ങൾ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. സൈനികരുടെ ചിത്രങ്ങൾ ദുരുപയോഗപ്പെടുത്തി വോട്ടർമാരെ സ്വാധീനിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. സൈന്യത്തിന്‍റെ വിലയിടിക്കുന്നതാണ് ഇത്തരം നടപടികളെന്ന് മുൻ നാവികസേനാ മേധാവി പരാതിയിൽ പറഞ്ഞിരുന്നു. സൈനികരുടെ ചിത്രങ്ങൾ രാഷ്ട്രീയ പാർട്ടികൾ പ്രചാരണത്തിന് ഉപയോഗിച്ചാൽ കർശന നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.