വിദ്വേഷ പ്രസംഗം: സുപ്രീം കോടതി ഇടപെടലിന് പിന്നാലെ യോഗിക്കും മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്

Jaihind Webdesk
Monday, April 15, 2019

Yogi-Mayawati

നേതാക്കളുടെ വിദ്വേഷ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സുപ്രീം കോടതി അതൃപ്തി അറിയിച്ചതിന് പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി.എസ്.പി നേതാവ് മായവതിക്കുമെതിരെ നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് ഇരുവർക്കും വിലക്കേർപ്പെടുത്തി. യോഗി ആദിത്യനാഥിന് മൂന്ന് ദിവസത്തേക്കും മായാവതിക്ക് രണ്ട് ദിവസവുമാണ് വിലക്ക് ഏർപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ ആറ് മണി മുതലാണ് വിലക്ക് നിലവില്‍ വരുക.

വിദ്വേഷ പ്രസംഗം നടത്തിയതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരു നേതാക്കള്‍ക്കുമെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ‘മുസ്ലീം സഹോദരീ സഹോദരൻമാരേ, നിങ്ങളുടെ വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. മുസ്ലിങ്ങളുടെ വോട്ടുകൾ ഭിന്നിക്കരുത്’, എന്ന് പ്രസംഗിച്ചതിനാണ് മായാവതിക്കെതിരായ നടപടി.

‘അലി-ബജ്രംഗ്ബലി മത്സരം’ എന്ന പരാമര്‍ശമാണ് യോഗിയെ കുരുക്കിലാക്കിയത്. മീററ്റില്‍ നടന്ന ഒരു യോഗത്തിൽ ഇസ്‌ലാമിലെ അലിയും ഹിന്ദു ദൈവം ഹനുമാനും തമ്മിലുള്ള മത്സരമാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പ് എന്നായിരുന്നു യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പരാമര്‍ശം. ഈ പ്രസംഗത്തിലായിരുന്നു മുസ്ലിം ലീഗിനെതിരെയും വിവാദമായ വൈറസ് പരാമര്‍ശം യോഗി നടത്തിയത്.

ദൈവങ്ങളുടെ പേര് പറഞ്ഞ് വോട്ട് തേടരുതെന്നും വർഗീയധ്രുവീകരണം നടത്തുന്ന തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങള്‍ നടത്തരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശമുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഇരുവര്‍ക്കുമെതിരായ നടപടി. പൊതുയോഗങ്ങൾ, തെരഞ്ഞെടുപ്പ് റാലികൾ, റോഡ് ഷോകൾ തുടങ്ങിയവയില്‍ പ്രസംഗിക്കുന്നതിനോ, സമൂഹമാധ്യമങ്ങൾ ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളില്‍ അഭിപ്രായം പറയുന്നതിനോ അഭിമുഖങ്ങള്‍ നടത്തുന്നതിനോ വിലക്ക് നിലവിലുള്ള കാലയളവില്‍ സാധിക്കില്ല.

മതവും ജാതിയും പറഞ്ഞ് വോട്ട് ചോദിക്കുന്നതിനെതിരെ നടപടി എടുക്കാത്തതില്‍ നേരത്തെ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെ അതൃപ്തി അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അധികാരങ്ങള്‍ എത്രമാത്രമാണെന്ന് കമ്മീഷന്‍ നാളെ കോടതിയില്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി ചോദിച്ചു. നിങ്ങളുടെ അധികാരത്തെ കുറിച്ച് ബോധ്യമുണ്ടോയെന്നും സുപ്രീം കോടതി കമ്മീഷനോട് ചോദിച്ചു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗിക്കും മായാവതിക്കുമെതിരെ നടപടി സ്വീകരിച്ചത്.