മോദിയുടെ ക്ലീൻചിറ്റ് വിവാദം : അശോക് ലവാസായുടെ വിയോജനക്കുറിപ്പുകൾ വെളിപ്പെടുത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

Jaihind Webdesk
Tuesday, June 25, 2019

modi-and-lavasa

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികളില്‍ മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ തീരുമാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിയോജിച്ച കമ്മീഷന്‍ അംഗം അശോക് ലവാസായുടെ കുറിപ്പുകൾ വെളിപ്പെടുത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.

പുണെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിവരാവകാശ പ്രവർത്തകൻ വിഹാർ ദുർവെ നൽകിയ അപേക്ഷയിലാണ് മറുപടി. വിയോജനക്കുറിപ്പ് വെളിപ്പെട്ടാൽ അത് ആ വ്യക്തിക്ക് അപായമാകുമെന്നും സുരക്ഷക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് വിവരങ്ങൾ നൽകാതിരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഞ്ചിടത്ത് നടത്തിയ പ്രസംഗങ്ങളിൽ മോദി ചട്ടലംഘനം നടത്തിയെന്നായിരുന്നു പരാതി.

എല്ലാ പരാതിയിലും കമ്മീഷൻ മോദിക്ക് ക്ലീൻ ചിറ്റ് നൽകി. എന്നാൽ, മോദിക്കും അമിത് ഷാക്കുമെതിരെയുള്ള പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എടുത്ത തീരുമാനത്തിൽ അംഗങ്ങളിലൊരാളായ അശോക് ലവാസ വിയോജനക്കുറിപ്പെഴുതി. മൂന്നംഗങ്ങളുള്ള കമ്മീഷനിൽ രണ്ട് പേർ അനുകൂലിച്ചതോടെയാണ് ഇരുവർക്കും ക്ലീൻ ചിറ്റ് നൽകിയത്.