ഇടുക്കിയിലെ കേരള തമിഴ്നാട് അതിർത്തി മേഖലകളിൽ ഇരട്ട വോട്ടുള്ളവർ കാൽ ലക്ഷത്തിന് മുകളിൽ. ഇരട്ട വോട്ടുകൾ തടയാൻ കൃത്യമായ നടപടികളെടുക്കാൻ ഇലക്ഷൻ കമ്മീഷനാകുന്നില്ലായെന്ന ആക്ഷേപം ശക്തമാകുന്നു.
സംസ്ഥാനത്ത് ഏറ്റവുമധികം ഇരട്ട വോട്ടുകൾ ഉള്ളത് ഇടുക്കിയിലെ പീരുമേട്, ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലാണ്. ഇവിടങ്ങളിൽ കാൽ ലക്ഷത്തോളം ഇരട്ട വോട്ടർമാരാണ് ഉള്ളത്. തമിഴ്നാട്ടിലെ ബോഡി നായ്ക്കന്നൂർ കേന്ദ്രീകരിച്ച് കേരളത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾക്കും പൊതുതെരഞ്ഞെടുപ്പുകൾക്കും വോട്ട് വിൽകുന്ന സംഘങ്ങൾ ഉണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് വിവരങ്ങൾ നൽകിയിരുന്നു. ഇരട്ട വോട്ടുള്ളവരെ വിലപേശി കേരളത്തിലെത്തിച്ച് വോട്ട് ചെയ്യിക്കുകയാണ് പതിവ്. അതിർത്തി പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവരും തോട്ടങ്ങളിൽ തൊഴിൽ തേടി എത്തുന്നവരുമാണ് അധികവും.
https://www.youtube.com/watch?v=TPUvNiRLr1k
തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസങ്ങളിൽ അതിർത്തി ചെക്ക് പോസ്റ്റുകൾ നിശ്ചിത സമയത്തേക്ക് അടച്ച് ഗതാഗതം നിരോധിക്കുന്നതും അതിർത്തികളിൽ നടത്തുന്ന പരിശോധനകളുമാണ് ഇരട്ട വോട്ട് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചിരുന്ന നടപടി. എന്നാല്‍ ഇക്കാര്യത്തില്‍ സി.പി.എം നേതാക്കളുടെ സമീപനമാണ് ഈ നിയന്ത്രണത്തിന് തിരിച്ചടിയാകുന്നത്. സഞ്ചാരസ്വാതന്ത്ര്യം എന്ന വാദമുയര്‍ത്തി സി.പി.എം നേതാക്കൾ ഇടപെട്ട് ഉദ്യോഗസ്ഥർ അടച്ചിട്ട ചെക്ക് പോസ്റ്റുകൾ തുറപ്പിക്കുന്ന പ്രവണതയാണ് മുന്‍തെരഞ്ഞെടുപ്പുകളിലും ഇപ്പോഴും തുടർന്നുവരുന്നത്. ഇതാണ് പ്രദേശത്തെ ഇരട്ടവോട്ട് തടയുന്നതിന് വിലങ്ങുതടിയായി നില്‍ക്കുന്ന ഘടകം.