
ധരംശാലയിൽ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിൻ്റെ ആധികാരിക ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 118 റൺസ് വിജയലക്ഷ്യം ഇന്ത്യ 15.5 ഓവറിൽ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. അഭിഷേക് ശർമ്മ (18 പന്തിൽ 35), ശുഭ്മാൻ ഗിൽ (28 പന്തിൽ 28), സൂര്യകുമാർ യാദവ് (11 പന്തിൽ 12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. തിലക് വർമ്മ (25), ശിവം ദുബെ (10) എന്നിവർ പുറത്താകാതെ നിന്ന് വിജയലക്ഷ്യത്തിലെത്തിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഓപ്പണർ റീസ ഹെൻഡ്രിക്സ് (0) ഒന്നാം ഓവറിൽ തന്നെ അർഷ്ദീപ് സിംഗിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായി. രണ്ടാം ഓവറിൽ ക്വിന്റൺ ഡി കോക്കിനെ (1) ഹർഷിത് റാണയും വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നാലെ നാലാം ഓവറിൽ ഡിവാൾഡ് ബ്രെവിസിൻ്റെ (2) വിക്കറ്റ് തെറിപ്പിച്ച് റാണ ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കി. ട്രിസ്റ്റൺ സ്റ്റബ്സ് (9), കോർബിൻ ബോഷ് (4) എന്നിവരും നിരാശപ്പെടുത്തിയതോടെ ദക്ഷിണാഫ്രിക്കൻ മധ്യനിര തകർന്നു. ക്യാപ്റ്റൻ എയ്ഡൻ മാർക്രം 46 പന്തിൽ 61 റൺസെടുത്ത് ഒറ്റയ്ക്ക് പൊരുതിയെങ്കിലും 19-ാം ഓവറിൽ മാർക്രം മടങ്ങിയത് അവർക്ക് തിരിച്ചടിയായി. ഡൊണോവൻ ഫെരേര (20), നോർജെ (12) എന്നിവർ മാത്രമാണ് മറ്റ് രണ്ടക്കം കണ്ട താരങ്ങൾ.
ഇന്ത്യക്ക് വേണ്ടി ബൗളിംഗിൽ തിളങ്ങിയത് അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവരാണ്. നാല് പേരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ 117 റൺസിൽ ഒതുക്കി. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഈ മത്സരത്തിനിറങ്ങിയത്; ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ എന്നിവർക്ക് പകരം ഹർഷിത് റാണ, കുൽദീപ് യാദവ് എന്നിവർ ടീമിൽ ഇടം നേടി. എന്നാൽ മലയാളി താരം സഞ്ജു സാംസണ് തുടർച്ചയായ മൂന്നാം ടി20 മത്സരത്തിലും അവസരം ലഭിച്ചില്ല. ദക്ഷിണാഫ്രിക്കൻ ടീമിലും മൂന്ന് മാറ്റങ്ങൾ വരുത്തിയിരുന്നു; ഡേവിഡ് മില്ലർ, ജോർജ് ലിൻഡെ, ലുതോ സിംപാല എന്നിവർ പുറത്തായപ്പോൾ കോർബിൻ ബോഷ്, ആന്റിച്ച് നോർജെ, ട്രിസ്റ്റൺ സ്റ്റബ്സ് എന്നിവർ ടീമിൽ തിരിച്ചെത്തി.