ഇടതുഭരണത്തിൻ കീഴിൽ സെക്രട്ടേറിയറ്റിലെ ഫയൽ നീക്കം നിശ്ചലമാവുന്നു. വിവിധ വകുപ്പുകളിലായി തീർപ്പാകാതെ 154781 ഫയലുകളാണ് മേശകളിൽ ഉറങ്ങുന്നത്. സർക്കാർ അധികാരത്തിലേറിയപ്പോൾ ഓരോ ഫയലും ഒരോ ജീവിതമാണെന്നും അതു കൊണ്ട് തന്നെ ഫയൽ നീക്കം വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനു കടകവിരുദ്ധമായാണ് കാര്യങ്ങൾ നീങ്ങുന്നത്. നിയമസഭയിൽ കെ.എസ്.ശബരീനാഥൻ ഉന്നയിച്ച ചോദ്യത്തിനാണ് 44 വകുപ്പുകളിലായി ഫയലുകൾ തീർപ്പാക്കാനുണ്ടെന്ന വിവരം മുഖ്യമന്ത്രി തന്നെ രേഖാമൂലം നൽകിയിട്ടുള്ളത്. ഫയലുകൾ തീർപ്പാക്കാൻ സെക്രട്ടേറിയറ്റ് ഓഫീസ് മാന്വലിലെ വ്യവസ്ഥകൾ നിലവിലുണ്ടെന്നും മൂന്നു മാസത്തിൽ ഒരു ദിവസം ഫയൽ അദാലത്തിനായി പ്രത്യേകം നീക്കിവെയ്ക്കാനും പഞ്ചദിന ചട്ടം നിർബന്ധമായും പാലിക്കാനുമുള്ള നിർദ്ദേങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇതിനായി ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മറുപടിയിൽ പറയുന്നു. ഇത്തരം നിർദ്ദേശങ്ങൾ നിലനിൽക്കെയാണ് ഫയലുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്.
ഇ.പി ജയരാജൻ ബന്ധുനിയമന വിവാദത്തിൽപ്പെട്ട് രാജിവെച്ച കാലത്ത് വ്യവസായ വകുപ്പ് കൈകാര്യം ചെയ്ത എ.സി മെയ്തീന് ഇപ്പോൾ ചുമതലയുള്ള തദ്ദേശസ്വയംഭരണ വകുപ്പിലാണ് ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്നത്. 33705 ഫയലുകളാണ് തദ്ദേശസ്വയംഭരണ വകുപ്പിൽ തീർപ്പാകാതെ കിടക്കുന്നത്. തൊട്ടു പിന്നിലുള്ള സി.പി.ഐ നിയമസഭാകക്ഷി നേതാവായ ഇ. ചന്ദ്രശേഖരൻ കൈകാര്യം ചെയ്യുന്ന റവന്യു വകുപ്പിൽ 14264 ഫയലുകളാണ് തീർപ്പാക്കാനുള്ളത്. മുഖ്യമന്ത്രി നേരിട്ടു കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് 12620 ഫയലുകളുമായി മൂന്നാം സ്ഥാനത്തുമുണ്ട്. ആഭ്യന്തരവും വിജിലൻസുമടക്കം മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകളിൽ ആകെ 21014 ജീവിതങ്ങളാണ് ഫയലുകളിൽ ഉറങ്ങുന്നത്.
സെക്രട്ടേറിയറ്റിലെ ഫയൽ നീക്കത്തെക്കുറിച്ചുള്ള ആശങ്ക ഇടതുഭരണത്തിൽ വർധിക്കുന്നുവെന്ന വസ്തുതയാണ് ഇതിലൂടെ വെളിവാകുന്നത്. ചുരുക്കം ചില വകുപ്പുകൾ മാറ്റിവെച്ചാൽ മിക്കയിടത്തും 500ന് മുകളിൽ ഫയലുകളാണ് തീർപ്പാകാൻ കാത്തുകെട്ടിക്കിടക്കുന്നത്. അതിൽ തന്നെ പൊതുജനങ്ങളുമായി നേരിട്ടു ബന്ധമുള്ള കൃഷി വകുപ്പിൽ 6205 ,ഭക്ഷ്യവകുപ്പിൽ 1844, ജലവിഭവം 5212 , സഹകരണം 3628 എന്നിങ്ങനെയാണ് കണക്കുകളുള്ളത്. ഭരണത്തിലേറി രണ്ടു വർഷം പിന്നിടുമ്പോൾ നാലു മന്ത്രിമാരാണ് പുറത്തു പോയത്. ഇതിൽ രണ്ട് പേർ പിന്നീട് തിരിച്ചെത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും മറ്റ് വകുപ്പുകളിലുള്ള നിയന്ത്രണവുമാണ് ഫയലുകളിൽ ജീവിതം കുരുങ്ങാൻ കാരണമാവുന്നതെന്നാണ് അണിയറ സംസാരം.
https://www.youtube.com/watch?v=Yum_f-7oDG4