നെയ്യാറ്റിൻകര കൊലപാതക കേസിലെ കുറ്റാരോപണ വിധേയനായ ഡി.വൈ.എസ്.പി ഹരികുമാർ തിരുവനന്തപുരത്ത് തന്നെയുണ്ടെന്ന് സൂചന. ജില്ലയിലെ ഒരു ഹോട്ടലിൽ ഹരികുമാർ ഒളിവിലുണ്ടെന്ന സൂചനയാണ് പുറത്തു വന്നിട്ടുള്ളത്. ചെങ്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ശൃംഖലയിലെ ഹോട്ടലുകളിലൊന്നിൽ ഹരികുമാർ താമസിക്കുന്നുവെന്നാണ് സൂചനയുള്ളത്. കോവളം ശംഖുമുഖം വർക്കല തുടങ്ങിയ ഇടങ്ങളിലെ ഏതെങ്കിലുമൊരു റിസോർട്ടിൽ ഇദ്ദേഹമുണ്ടെന്നാണ് സൂചനയുള്ളത്. നേരത്തെ ഹരികുമാർ സംസ്ഥാനം വിട്ടെന്ന വിവരമാണ് പൊലീസ് പുറത്തു വിട്ടിരുന്നത്. ഇത് മനഃപൂർവ്വം തെറ്റിദ്ധാരണ പടർത്താനാണെന്ന സംശയവും നിലനിൽക്കുന്നു. സി.പി.എമ്മിൽ ഉന്നത ബന്ധങ്ങളുള്ള ഹരികുമാർ സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്നു. ഇതിനു പിന്നാലെ ഹരികുമാറിശന പൊലീസും സി.പി.എമ്മും ചേർന്ന് സംരക്ഷിക്കുകയാണെന്ന ആരോപണവും ഉയർന്നിരുന്നു.
മുമ്പ് ഒന്നിലേറെ തവണ ഹരികുമാറിന്‍റെ വഴിവിട്ട നീക്കങ്ങളെപ്പറ്റി സംസ്ഥാന ഇന്റലിജൻസ് വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവന്തപുരം റേഞ്ച് ഐ.ജി മനോജ് ഏബ്രഹാം ഇദ്ദേഹത്തെ നെയ്യാറ്റിൻകരയിൽ നിന്നും മാറ്റണമെന്ന ശുപാർശയും നൽകിയിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകളും ശുപാർശയും സംസ്ഥാന ആഭ്യന്തര വകുപ്പ് തള്ളുകയും ചെയ്തിട്ടുണ്ട്. സി.പി.എമ്മിലെ പല ഉന്നതരുമായും ഹരികുമാറിനുള്ള ബന്ധം പരസ്യമാണ്. പല സന്ദർഭങ്ങളിലും സി.പി.എം ഇദ്ദേഹത്തെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വസ്തുതാപരാമയ നിലനിൽക്കാത്ത കേസിൽ എം.വിൻസെന്‍റ് എം.എൽ.എയെ അറസ്റ്റ് ചെയ്തതോടെയാണ് സി.പി.എമ്മിന് ഏറ്റവും പ്രിയപ്പെട്ട ഉദ്യോഗസ്ഥനായി ഹരികുമാർ മാറുന്നത്. തുടർന്ന് നെയ്യാറ്റിൻകര അടക്കി ഭരിച്ച ഇദ്ദേഹത്തിന് സി.പി.എം തണലൊരുക്കുകയും ചെയ്തിട്ടുണ്ട്.
നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ ഉണ്ടായ സംഭവത്തെ തുടർന്ന് സനൽകുമാർ കൊല്ലപ്പെട്ടതോടെയാണ് ഹരികുമാറിന്‍റെ വഴിവിട്ട ബന്ധങ്ങൾ പരസ്യമാവുന്നത്. ഇദ്ദേഹത്തെ ഏതുവിധേനയും രക്ഷിക്കാൻ പൊലീസും രംഗത്തുണ്ട്. ഇതിനിടെ ഹരികുമാറിനെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ അദ്ദേഹത്തിന്‍റെ ഭാര്യ വിജി നിരാഹര സമരം തുടങ്ങുമെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.