ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വത്തിനെതിരെ സംസ്ഥാന സമ്മേളനത്തിൽ രൂക്ഷ വിമർശനം. സിപിഎമ്മിന്‍റെ ബി- ടീമായി കേരളത്തിലെ ഡിവൈഎഫ്‌ഐ മാറിയെന്ന് കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലെ സംഘടനാ റിപ്പോർട്ടിൽ വിമർശനമുണ്ട്. എ ഐ വൈ എഫ് -വളർച്ചയില്ലാത്ത യുവജന സംഘടനയാണെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. പികെ ശശിക്കെതിരായ യുവതിയുടെ പീഡന പരാതി സംസ്ഥാന സമ്മേളനം ചർച്ചചെയ്യുമോ എന്ന് പ്രവചിക്കാനാകില്ലെന്ന് സംസ്ഥാന സെക്രട്ടറി എം സ്വരാജ് പറഞ്ഞു. അതിനിടെ പീഡന വിഷയം ആവർത്തിച്ച് ചോദിച്ചതിൽ ക്ഷുഭിതരായ ഡിവൈഎഫ്‌ഐ നേതാക്കൾ വാർത്താസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും, അസഭ്യംപറയുകയും ചെയ്തു.
ഡിവൈഎഫ്‌ഐ നേതാക്കളുടെ പൊതുജനങ്ങളോടുള്ള പെരുമാറ്റം മോശമാണെന്ന് കോഴിക്കോട് നടക്കുന്ന ഡിവൈഎഫഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ സ്വയം വിമർശനമുണ്ട്. ഈ രീതി മാറിയേ തീരൂ. സിപിഎം നേതാക്കളെ സന്തോഷിപ്പിക്കാനാണ് ചിലർ സംഘടനയുടെ തലപ്പത്തിരിക്കുന്നത്. സിപിഎമ്മിന്‍റെ ബി ടീമായി കേരളത്തിലെ ഡിവൈഎഫ്‌ഐ മാറിയെന്നും സംഘടനാ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. റിപ്പോർട്ടിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. സംസ്ഥാന പ്രസിഡന്‍റ് എ എൻ ഷംസീറിനെതിരെ രൂക്ഷ വിമർശനമുണ്ട്.
താൻ പ്രമാണിത്തവും ധിക്കാരവും നേതാക്കൾക്ക് നല്ലതല്ലെന്ന് അഖിലേന്ത്യാ പ്രസിഡന്‍റ് മുഹ്മദ് റിയാസ് അഭിപ്രായപ്പെട്ടു. സംഘടനാ നേതാക്കൾക്ക് വിനയവും സൗമ്യവും ആകാമെന്നും സംസ്ഥാന പ്രസിഡന്‍റ് എഎൻ ഷംസീറിനെ ലക്ഷ്യം വച്ച് റിയാസ് പറഞ്ഞു. എന്നാൽ വിവാദങ്ങളിൽ തൊടാതെയാണ് സംഘടനാ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പികെ ശശി വിഷയം റിപ്പോർട്ടിൽ ഇല്ല. കെടി ജലീൽ വിവാദവും റിപ്പോർടിൽ ഇടം നേടിയിട്ടില്ല. പക്ഷെ സിപിഐയുടെ യുവജന സംഘടനക്ക് റിപ്പോർട്ടിൽ വിമർശനമുണ്ട്. വളർച്ചയില്ലാത്ത സംഘടനയാണ് എ ഐ വൈ എഫ് എന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
പാലക്കാട് നിന്നുള്ള പി രാജേഷിനെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുപ്പിക്കാതിരുന്നതിനെ രാജേഷ് ചോദ്യം ചെയ്തത് സമ്മേളനത്തിന്‍റെ ആദ്യദിവസത്തിൽ തന്നെ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി പാലക്കാട് ജില്ലാസമ്മേളനത്തിൽ പി രാജേഷ് ചൂണ്ടിക്കാട്ടിയതാണ് അദ്ദേഹത്തെ സംസ്ഥാന സമ്മേളന പ്രതിനിധിയായിരുന്നിട്ടും ഒഴിവാക്കാനുള്ള കാരണം. ഡിവൈഎഫ്‌ഐ വനിതാ നേതാവ് പരാതി നൽകാത്തതിനാൽ പികെ ശശിക്കെതിരായ പീഡന പരാതി തങ്ങൾ അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും സമ്മേളനം ചർച്ചചെയ്യുമോ എന്ന് പ്രവചിക്കാനാകില്ലെന്നും സംസ്ഥാന സെക്രട്ടറി എം. സ്വരാജ് പറഞ്ഞു.
വനിതാ നേതാവിന്‍റെ പീഡന പരാതി സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളോട് ഡിവൈഎഫ്‌ഐ നേതാക്കൾ ക്ഷോഭത്തോടെ പ്രതികരിച്ചു. ഇതിനിടെ എ എൻ ഷംസീർ എംഎൽഎ അസഭ്യം പറഞ്ഞതിനെ ചൊല്ലി വാർത്താസമ്മേളനത്തിൽ വാക്കേറ്റവുമുണ്ടായി.
https://www.youtube.com/watch?v=LqphIXbLfsI