ഡി.വൈ.എഫ്.ഐ ആക്രമണം : പൊലീസ് അക്രമികള്‍ക്ക് വഴിയൊരുക്കിയെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ

Jaihind News Bureau
Monday, August 31, 2020

 

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്‍റെ സമരപ്പന്തലിന് നേരെ ആയുധങ്ങളുമായെത്തി ആക്രമണം അഴിച്ചുവിട്ട ഡി.വൈ.എഫ്.ഐ അക്രമികള്‍ക്ക് പൊലീസ് വഴിയൊരുക്കിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എം.എല്‍.എ. അക്രമികളെ തടയാനോ നീക്കം ചെയ്യാനോ ശ്രമിക്കാതെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയാണ് പൊലീസ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പി.എസ്.സിയുടെയും സർക്കാരിന്‍റെയും നിഷേധാത്മക നിലപാടിൽ ജീവൻ ത്യജിക്കേണ്ടി വന്ന അനുവിനും അതുപോലെയുള്ള പതിനായിരക്കണക്കിന് യുവജനങ്ങൾക്കും വേണ്ടി യൂത്ത് കോൺഗ്രസ് നടത്തിയ പട്ടിണി സമരത്തിന് നേരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആയുധങ്ങളുമായെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ തടയാൻ പൊലീസ് തയാറായില്ലെന്ന് ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.

അക്രമം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ തടയാനോ നീക്കം ചെയ്യാനോ തയാറാകാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് പൊലീസ് ചെയ്തത്. അക്രമികൾക്ക് വഴിയൊരുക്കുന്ന ദയനീയ കാഴ്ചയാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.