സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡ് അധികാരമേറ്റു

ഇന്ത്യയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസായി  ഡി.വൈ.ചന്ദ്രചൂഡ് സ്ഥാനമേറ്റു. ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. രണ്ട് വര്‍ഷം ചന്ദ്രചൂഡ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയില്‍ ഉണ്ടാകും.

ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും നീണ്ട കാലയളില്‍ ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡിന്‍റെ മകനാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബി പൂര്‍ത്തിയാക്കിയ ഡി.വൈ.ചന്ദ്രചൂഡ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദവും ജുറിഡിക്കല്‍ സയന്‍സസില്‍ ഡോക്ടറേറ്റും നേടി.
1998ല്‍ ബോംബെ ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷകനായി നിയമിതനായ അദ്ദേഹം 1998 മുതല്‍ 2000 വരെ ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും സേവനമനുഷ്ഠിച്ചു. 2000 മാര്‍ച്ച് 29 ന് ബോംബെ ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. പിന്നീട് 2013 ഒക്ടോബര്‍ 31 ന് അലഹബാദ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
സ്ത്രീ സ്വാതന്ത്ര്യം , ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശം,പൗരന്റെ സ്വകാര്യത, ആധാര്‍ നിയമം, വിവാഹേതര ലൈംഗിക ബന്ധം, ശബരിമല സ്ത്രീ പ്രവേശനം തുടങ്ങിവയെല്ലാം ഡി വൈ ചന്ദ്രചൂഡിന്‍റെ  ശ്രദ്ധേയമായ ചില വിധികളായിരുന്നു. 2016 മെയ് 13ന് സുപ്രീം കോടതി ജഡ്ജിയായ ഡി വൈ ചന്ദ്രചൂഡ്  2024 നവംബര്‍ പത്ത് വരെ  ചീഫ് ജസ്റ്റിസായി തുടരും.

Comments (0)
Add Comment