ദുബായില്‍ വീട്ടുവാടകയിലെ ചെക്ക് സംവിധാനം മാറുന്നു; ഇനി ഡെബിറ്റ് കാര്‍ഡ് വഴിയും ഓരോ മാസവും വാടക അടയ്ക്കാം

JAIHIND TV DUBAI BUREAU
Wednesday, February 1, 2023

 

ദുബായ്: കെട്ടിട വാടക നല്‍കല്‍ സംവിധാനത്തിലെ ആ പഴഞ്ചന്‍ ചെക്ക് രീതിയും ദുബായ് മാറ്റുന്നു. ഇനി ദുബായിലെ താമസകാര്‍ക്ക് വീട്ടുവാടക ഡെബിറ്റ് കാര്‍ഡ് വഴി ഓരോ മാസവും നേരിട്ട് അടയ്ക്കാം. ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്‍റ് ആണ് സര്‍ക്കുലറിലൂടെ ഇക്കാര്യം അറിയിച്ചത്. ഇതോടെ പഴയ ചെക്ക് സംവിധാനം ഘട്ടം ഘട്ടമായി ഇല്ലാതാകും.

കെട്ടിട വാടക അടയ്ക്കുന്നതിന് ഏറെ കാലമായി 2, 4, 6 എന്നീ വിവിധ മാസത്തെ ചെക്കുകള്‍ ഉപയോഗിക്കുന്ന സംവിധാനമാണുള്ളത്. ഇതിന് പകരം ഇനി യുഎഇയുടെ സെന്‍ട്രല്‍ ബാങ്ക് ഡയറക്ട് ഡെബിറ്റ് സിസ്റ്റം വഴിയാണ് പുതിയ സംവിധാനം ആരംഭിച്ചത്. ഇതോടെ ദുബായിലെ താമസകാര്‍ക്ക് ഇനി വീട്ടുവാടക ഡെബിറ്റ് കാര്‍ഡ് വഴി ഓരോ മാസവും നേരിട്ട് അടയ്ക്കാം. നേരിട്ടുള്ള ഡെബിറ്റുകള്‍ കെട്ടിട ഉടമകള്‍ക്കും ഏറെ സഹായകമാകുമെന്ന് കരുതുന്നു. ആഗോളതലത്തില്‍ മിക്ക വിപണികളും നേരിട്ടുള്ള ഡെബിറ്റ് രീതികളാണ് ഉപയോഗിക്കുന്നത്.

യുഎഇ സെന്‍ട്രല്‍ ബാങ്കുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഡയറക്ട് ഡെബിറ്റ് സംവിധാനം സുരക്ഷിതമാണ്. പേമെന്‍റുകള്‍ ഡിജിറ്റൈസ് ചെയ്യാനും സുഗമമാക്കാനുമുള്ള ദുബായിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. ദുബായിലെ താമസക്കാര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഒന്നോ അതില്‍ കൂടുതല്‍ മാസങ്ങളിലോ കരാര്‍ അനുസരിച്ച് വീട്ടുവാടക അടയ്ക്കാവുന്ന ഓട്ടോമാറ്റിക് പേമെന്‍റ് സംവിധാനമാണിത്. വാടക കരാര്‍ തയാറാക്കുകയും പുതുക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഈ പുതിയ സംവിധാനത്തിലേക്ക് മാറ്റേണ്ടത്.