ലോകത്തിലെ ഏറ്റവും നീളമേറിയ പതാക : ഏറ്റവും കൂടുതല്‍ രാജ്യക്കാര്‍ പിടിച്ച ബാനര്‍ ; ദുബായ് പൊലീസിന് ഒരേ ദിനം ഒരേ വേദിയില്‍ രണ്ട് ഗിന്നസ് റെക്കോര്‍ഡുകള്‍

Elvis Chummar
Thursday, December 5, 2019

ദുബായ് : യു.എ.ഇയുടെ നാല്‍പ്പത്തിയെട്ടാമത് ദേശീയ ദിനം കഴിഞ്ഞെങ്കിലും ദേശീയ ദിനാഘോഷങ്ങളുടെ പേരിലുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ തുടരുകയാണ്. ഇപ്രകാരം ഒരേ ദിനം രണ്ട് ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ദുബായ് പൊലീസ് ഡിസംബര്‍ അഞ്ച് എന്ന ദിനം മറ്റൊരു ചരിത്ര ദിനമാക്കി. ഡിസംബര്‍ രണ്ടിനായിരുന്നു യു.എ.ഇ ദേശീയ ദിനം. ലോകത്തിലെ ഏറ്റവും നീളമേറിയ പതാക, വിവിധ രാജ്യങ്ങളിലെ ഏറ്റവും കൂടുതല്‍ പൗരന്‍മാര്‍ ഒന്നിച്ച് പിടിച്ച ബാനര്‍ എന്നിങ്ങനെ രണ്ടു ഗിന്നസ് റെക്കോര്‍ഡുകളാണ് ദുബായ് പൊലീസ് ഒരേ ദിനത്തില്‍ ഒരേ വേദിയില്‍ സ്വന്തമാക്കിയത്. അതേസമയം പങ്കെടുത്ത ആയിരങ്ങളില്‍ കൂടുതലും മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരായിരുന്നു.

രണ്ട് കിലോ മീറ്ററിലധികം നീളത്തില്‍ അതായത്, 2020 മീറ്ററിലാണ് യു.എ.ഇയുടെ ദേശീയ പതാക ഒരുക്കിയത്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ പതാക ഗിന്നസ് ബുക്കില്‍ സ്ഥാനം നേടി. ഒപ്പം ഇന്ത്യ ഉള്‍പ്പടെ 58 രാജ്യങ്ങളിലെ പൗരന്മാര്‍ ഒന്നിച്ചുപിടിച്ച കൂറ്റന്‍ ബാനര്‍ എന്ന വിഭാഗത്തിലും ഗിന്നസ് നേടുകയായിരുന്നു. ദുബായ് പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാരിക്ക് വേണ്ടി,  അക്കാദമിക് ആന്‍റ് ട്രെയിനിംഗ് അഫയേഴ്സ് അസിസ്റ്റന്‍റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഡോ. മുഹമ്മദ് അഹമ്മദ് ബിന്‍ ഫഹദ് ഗിന്നസ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഉന്നത പൊലീസ് സംഘം ചടങ്ങില്‍ സംബന്ധിച്ചു. അല്‍ ഫുത്തൈം ഗ്രൂപ്പിന് കീഴിലെ ഹെല്‍ത്ത് ഹബുമായി സഹകരിച്ചായിരുന്നു പരിപാടി. നിരവധി മലയാളി സംഘടനകളും സ്‌കൂള്‍ വിദ്യാര്‍ഥികളും ഗിന്നസ് ലോക റെക്കോര്‍ഡില്‍ പങ്കാളികളായി.