ദുബായ് ‘സുവര്‍ണ നഗര’മായിട്ട് 25 വര്‍ഷം : ഇനി പുതിയ ലോഗോ ; ഷോപ്പിംഗ് ഫെസ്റ്റിവലിനായി കാത്തിരിക്കുന്നത് 40 ലക്ഷത്തിന്‍റെ സമ്മാനവും സ്വര്‍ണ നാണയങ്ങളും

B.S. Shiju
Monday, December 23, 2019

ദുബായ് : സ്വപ്‌ന നഗരമായ ദുബായ് ‘സിറ്റി ഓഫ് ഗോള്‍ഡ്’ എന്ന പദവി നേടിയിട്ട്, 25 വര്‍ഷം തികയുന്നു. ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ  ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം. ഇതോടനുബന്ധിച്ച്, ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് തങ്ങളുടെ പുതിയ ലോഗോയും, ദുബായ് സിറ്റി ഓഫ് ഗോള്‍ഡ് സ്വര്‍ണ്ണനാണയവും അനാച്ഛാദനം ചെയ്തു. ഇതോടൊപ്പം, ഇരുന്നൂറ് ഉപഭോക്താക്കള്‍ക്ക്   നറുക്കെടുപ്പിലൂടെ  മൂവായിരത്തോളം  സ്വര്‍ണ്ണനാണയങ്ങള്‍ വരെ സമ്മാനമായി നേടാന്‍ അവസരം ഒരുക്കുമെന്ന് സംഘാടര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇപ്രകാരം, 40 ലക്ഷം ദിര്‍ഹം മൂല്യമുള്ള സമ്മാനങ്ങളാണ് ഇത്തവണ നല്‍കുന്നത്.

ദുബായ് ടൂറിസത്തിന് കീഴിലുള്ള, ദുബായ്  ഷോപ്പിംഗ് ഫെസ്റ്റിവല്‍ 2020-ന്റെയും  ദുബായ്  സിറ്റി ഓഫ് ഗോള്‍ഡിന്റെയും  ഇരുപത്തിയഞ്ചാം വാര്‍ഷികം, ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പും, ദുബായ് ഫെസ്റ്റിവല്‍ ആന്‍ഡ് റീടെയില്‍ എസ്റ്റാബ്ലിഷ്മെന്റും സംയുക്തമായി ആചരിക്കുകയാണ്. ഒപ്പം ‘ദുബായ് സ്വര്‍ണ്ണനഗരം ‘ എന്നത് അനുസ്മരിക്കുന്ന നാണയവും പുതിയ സ്വര്‍ണാഭരണ വില്പന ക്യാമ്പയിനും തുടക്കം കുറിച്ചു. ദുബായ് നിവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി  ഡിസംബര്‍ 26ന് തുടക്കം കുറിക്കുന്ന  ഈ ആഘോഷങ്ങള്‍, 2020 ഫെബ്രുവരി ഒന്നുവരെ നീളും. ഉപഭോതാക്കള്‍ക്ക് ദിനവും 75  പവന്‍  വരെ കരസ്ഥമാക്കാനും അവസരം നല്‍കുന്നു.

എങ്ങനെ സമ്മാനം നേടാം ?

ഡിഎസ് എഫില്‍ പങ്കെടുക്കുന്ന സ്വര്‍ണാഭരണ ഔട്ട് ലെറ്റുകളില്‍ നിന്ന് അഞ്ഞൂറ് ദിര്‍ഹം വിലയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു നറുക്കെടുപ്പ് കൂപ്പണ്‍ ലഭിക്കും, എട്ടു ഗ്രാമം വീതമുള്ള  മൂവായിരത്തിലധികം പവന്‍ സ്വര്‍ണ്ണം വരെ  ഇങ്ങനെ നറുക്കെടുപ്പിലൂടെ സമ്മാനമായി നേടാം. ഡിസംബര്‍ 26 മുതല്‍ ഫെബ്രുവരി 1 വരെ ദിനവും അഞ്ചു വിജയികള്‍ വീതം ഉണ്ടായിരിക്കും. ആദ്യ വിജയിക്ക് ഇരുപത്തിയഞ്ച് പവനും  രണ്ടാം വിജയിക്ക് ഇരുപത് പവനും   മൂന്നാം വിജയി  പതിനഞ്ചും നാലാം വിജയി പത്തും അഞ്ചാം വിജയി അഞ്ചും പവന്‍ സ്വര്‍ണ്ണം വരെ സമ്മാനമായി നേടും. കൂടാതെ ജനുവരി നാലുമുതല്‍ അഞ്ച് സ്വര്‍ണ്ണനാണയങ്ങള്‍ വീതം നേടുന്ന  മൂന്നിലധികം വിജയികളെ കൂടി  പ്രഖ്യാപിക്കും, അഞ്ഞൂറ് ദിര്‍ഹം മൂല്യമുള്ള  വജ്രാഭരണങ്ങളോ പേള്‍ ജ്വല്ലറിയോ വാങ്ങുന്നതിലൂടെയും ദുബായ് സിറ്റി ഓഫ് ഗോള്‍ഡ് സ്പെഷ്യല്‍ എഡിഷന്‍ നാണയങ്ങള്‍ വാങ്ങുന്നതിലൂടെയും, ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങള്‍ നേടാനുള്ള അവസരം ഇരട്ടിയായി ലഭിക്കും.

സമ്മാന പദ്ധതിയിലെ പങ്കാളികള്‍ ?

ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പിന്റെ സ്ട്രാറ്റജിക് പാര്‍ട്ടണര്‍ ആയ വിസ സമ്മാനങ്ങള്‍ നേടാന്‍ ഉപഭോക്താക്കള്‍ക്കുള്ള  അവസരം നല്‍കുന്നു. വിസ  ഡെബിറ്റ് കാര്‍ഡ് , ക്രെഡിറ്റ് കാര്‍ഡ് ഡിജിറ്റല്‍ പേ എന്നിവയില്‍ ഏതിലെങ്കിലും വഴി , അഞ്ഞൂറ് ദിര്‍ഹത്തിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഒന്നിനു പകരം രണ്ടു നറുക്കെടുപ്പ് കൂപ്പണുകള്‍ വീതം ലഭിക്കും. ദെയ്‌റ ഗോള്‍ഡ് സൂഖ് ,  ദെയ്‌റ വാട്ടര്‍ഫ്രണ്ട് പ്രോജക്ട് എന്നിവയുമായി ചേര്‍ന്ന് നടത്തുന്ന ഇത്ര ദുബായ് ഗ്രൂപ്പും ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പിന്റെ ഇത്തവണത്തെ പങ്കാളികളാണ്.

ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ദുബായ് സിറ്റി ഓഫ് ഗോള്‍ഡിനും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനും ഇത്തവണ ഏറെ പ്രത്യേകതകളുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഇത്തിഹാദ് മ്യൂസിയത്തില്‍വച്ചു നടന്ന വാര്‍ത്താസമ്മേളനത്തില്‍, ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ്‌ചെയര്‍മാന്‍ തവഹീദ് അബ്ദുള്ള , ദുബായ് ഫെസ്റ്റിവല്‍ ആന്‍ഡ്  റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ്  സി ഇ ഒ അഹ്മദ് അല്‍ കാജ,  ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് സി. ഇ. ഒയും ബോര്‍ഡ് അംഗവുമായ ലൈല സുഹൈല്‍, വിസയുടെ യുഎഇ ജനറല്‍  മാനേജര്‍ ഷെഹബാസ് ഖാന്‍ ,  ഗ്രൂപ്പ് ആക്ടിങ് ജനറല്‍ മാനേജരും മലയാളിയുമായ, മംമ്ത മറിയ ഫ്രാന്‍സീസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ഇപ്രകാരം, കഴിഞ്ഞ 24 വര്‍ഷമായി, ഡിഎസ്എഫിന്റെ ആദ്യ പതിപ്പ് മുതല്‍ വിവിധ സമ്മാന പദ്ധതികളിലൂടെ, 1000 കിലോ സ്വര്‍ണം നല്‍കിയെന്നും സംഘാടകര്‍ വിശദീകരിച്ചു.