വാഗമണ്ണിലെ ലഹരിപാർട്ടി : ബ്രിസ്റ്റിയുടെ റിമാന്‍ഡ് ഒഴിവാക്കാന്‍ പ്രമുഖ നടന്‍റെയും പൊലീസ് ഉന്നതന്‍റേയും ഇടപെടല്‍ ; അന്വേഷണം കൊച്ചിയിലേക്കും

കൊച്ചി : വാഗമണ്ണില്‍ സിപിഐ നേതാവിന്റെ റിസോര്‍ട്ടില്‍ നടന്ന നിശാപാര്‍ട്ടിക്കിടെ പിടിയിലായ മോഡലും നടിയുമായ ബ്രിസ്റ്റിയെ റിമാന്‍ഡ് ചെയ്യുന്നത് ഒഴിവാക്കാന്‍ മലയാളത്തിലെ ഒരു പ്രമുഖ നടനും ഉന്നത പൊലീസ് ഉദ്യാഗസ്ഥനും ഇടപെട്ടു. അതേസമയം നിശാപാര്‍ട്ടിയുമായി ബന്ധപ്പെട്ട അന്വേഷണം കൊച്ചിയിലേക്കും വ്യാപിപ്പിച്ചു.

സിപിഐ നേതാവിന്റെ ഉടമസ്ഥതയിലുളള ക്ലിഫ് ഇന്‍ റിസോര്‍ട്ടിലെ നിശാപാര്‍ട്ടി ക്കിടെയാണ് നടിയും മോഡലുമായ തൃപ്പൂണിത്തുറ സ്വദേശി ബ്രിസ്റ്റി ബിശ്വാസിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതിന് പിന്നാലെ ബ്രിസ്റ്റിയെ റിമാന്‍ഡ് ചെയ്യുന്നത് ഒഴിവാക്കാന്‍ മലയാളത്തിലെ ഒരു പ്രമുഖ നടന്‍ ഇടപെട്ടത്. നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങള്‍ ഉള്‍പ്പെടെ ചെയ്തിട്ടുള്ള നടന്‍, സംഭവ സമയത്ത് വാഗമണ്ണില്‍ മറ്റൊരു റിസോര്‍ട്ടിലുണ്ടായിരുന്നു. ബ്രിസ്റ്റിയുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം തന്‍റെ പൊലീസ് ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ബ്രിസ്റ്റിക്കായി രംഗത്ത് എത്തിയത്. കൊച്ചിയിലെ ഒരു ഉന്നത പൊലീസ് ഉദ്യാഗസ്ഥനും നടിക്ക് വേണ്ടി ഇടപടല്‍ നടത്തി.

ലഹരി ഇടപാടു സംഘവുമായി ഇവര്‍ക്കു ബന്ധമുണ്ടെന്ന് ഈ പൊലീസ് ഉദ്യോഗസ്ഥന് അറിയാമായിരുന്നു. പൊലീസിന്റെ ഇന്‍ഫോര്‍മര്‍ ചമഞ്ഞ് ഈ ഉദ്യോഗസ്ഥനുമായി ഇവര്‍ അടുത്തബന്ധം പുലര്‍ത്തുകയായിരുന്നതായണ് വിവരം.ഉന്നത തല ഇടപെടലിനെ തുടര്‍ന്ന് നടിയെ ആദ്യം സ്റ്റേഷനില്‍ വിട്ടു.എന്നാല്‍ അന്വേഷണം ശക്തമായതോടെ പിന്നീട് കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

എക്സൈസ് ഇന്റലിജന്‍സും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘം അന്വേഷണം ശക്തമാക്കുകയും നടിയുടെ പങ്ക് വ്യക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും കസ്റ്റഡിയില്‍ എടുത്തത്. അതേസമയം നിശാപാര്‍ട്ടിയുമായി ബന്ധപ്പെട്ട അന്വേണം കൊച്ചിയിലേക്കും വ്യാപിപ്പിച്ചു. നടിയുടെ കൊച്ചിയിലെ സുഹൃത്തുക്കളെ ക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതേ ആള്‍ക്കാര്‍ കൊച്ചിയിലും രഹസ്യ നിശാപാര്‍ട്ടി സംഘടിപ്പിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

Comments (0)
Add Comment