കേരളത്തില്‍ മയക്കുമരുന്ന് മാഫിയ അഴിഞ്ഞാടുന്നു; മുഖ്യമന്ത്രി ഇതൊക്കെ അറിയുന്നുണ്ടോ? എന്ത് ഭരണമാണിതെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, April 8, 2022

 

കോട്ടയം: കേരളം മയക്കുമരുന്ന് മാഫിയകളുടെ കയ്യിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ അതിക്രമങ്ങള്‍ നടക്കുകയാണ്. മയക്കുമരുന്ന് മാഫിയകള്‍ക്ക് പിന്തുണ നല്‍കുന്നത് സിപിഎമ്മിന്‍റെയും ഡിവൈഎഫ്ഐയുടെയും പ്രാദേശിക നേതൃത്വങ്ങളാണ്. സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ അഴിഞ്ഞാടുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കണ്ണൂരില്‍ കൂടിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവ് പറഞ്ഞത്:

മന്ത്രിയും മുഖ്യമന്ത്രിമാരും കണ്ണൂരില്‍ കൂടിയിരിക്കുകയാണ്. കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി അറിയുന്നുണ്ടോയെന്ന് സംശയമാണ്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ അതിക്രമങ്ങള്‍ നടക്കുകയാണ്. ഇന്നലെ തിരുവനന്തപുരത്ത് ബോംബേറില്‍ ഒരാളുടെ കാല് തകര്‍ന്നു. ഇന്ന് മറ്റൊരാളുടെ മുഖം തകര്‍ന്നു. കേരളത്തില്‍ മയക്കു മരുന്ന് മാഫിയകള്‍ അഴിഞ്ഞാടുന്നു. മയക്കുമരുന്ന് മാഫിയകളുടെ കൈയിലാണ് കേരളം. അവര്‍ക്ക് പിന്തുണ നല്‍കുന്നത് സിപിഎമ്മിന്‍റെയും ഡിവൈഎഫ്ഐയുടെയും പ്രാദേശിക നേതൃത്വങ്ങളാണ്. അവരുടെ സമ്മതത്തോടും അനുവാദത്തോടും കൂടിയാണ് മയക്കുമരുന്ന് സംഘം അഴിഞ്ഞാടുന്നത്.

ഇവിടെ എന്ത് ഭരണമാണ് നടക്കുന്നത്? കെഎസ്ഇബിയില്‍ സിപിഎം സംഘടനാ നേതാക്കള്‍ ചെയര്‍മാന്‍റെ മുറിയിലേക്ക് ഇരച്ചു കയറുകയാണ്. ഭരണകക്ഷി സംഘടനാ നേതാക്കള്‍ തന്നെ കെഎസ്ഇബിയെ തകര്‍ക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. സിപിഎം ജില്ലാ സെക്രട്ടറിമാരും ഏരിയാ സെക്രട്ടറിമാരുമാണ് പോലീസിനെ നിയന്ത്രിക്കുന്നത്. ഇത്രയും പരിതാപകരമായ സ്ഥിതി കേരളത്തില്‍ ഉണ്ടായിട്ടില്ല. കണ്ണൂരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുമ്പോള്‍ കേരളത്തില്‍ ഒരു ഭരണമുണ്ടെയെന്ന ചോദ്യമാണ് സാധാരണക്കാര്‍ ചോദിക്കുന്നത്. അപകടകരമായ നിലയിലേക്ക് കേരളം കൂപ്പുകുത്തുകയാണ്. ജനങ്ങള്‍ക്കിടയില്‍ അരക്ഷിത ബോധമുണ്ടാക്കാന്‍ മാത്രമാണ് സര്‍ക്കാരിന് കഴിഞ്ഞത്.

കെ.വി തോമസിനെതിരായ നടപടി സംബന്ധിച്ച് ഉചിതമായ തീരുമാനം കെപിസിസി കൈക്കൊള്ളും. പാര്‍ട്ടിയുടെ അനുമതിയില്ലാതെ സി.പി.എമ്മിന്റെ ഏതെങ്കിലും ഒരു പ്രതിനിധി കോണ്‍ഗ്രസിന്‍റെ പരിപാടികളില്‍ പങ്കെടുക്കുമോ? പാര്‍ട്ടി തീരുമാനം അനുസരിക്കാന്‍ കെ.വി തോമസിന് ബാധ്യതയുണ്ടായിരുന്നു.