മണിക്കൂറുകള്‍ക്കുള്ളില്‍ ‘നിലപാട്’ മാറ്റി ഗവര്‍ണര്‍; നയപ്രഖ്യാപന നാടകത്തിനും പരിസമാപ്തി

Jaihind Webdesk
Thursday, February 17, 2022

 

തിരുവനന്തപുരം : നയപ്രഖ്യാപനത്തില്‍ ഒപ്പിടില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ മണിക്കൂറുകള്‍ക്കകം നിലപാട് മാറ്റിയത് രാഷ്ട്രീയ നാടകമെന്ന് ആക്ഷേപം. നിയമസഭാ സമ്മേളനം വെള്ളിയാഴ്ച ചേരാനിരിക്കെ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടില്ലെന്ന് പറയുകയായിരുന്നു. മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ ഗവര്‍ണര്‍ ‘നിലപാട്’ മാറ്റുകയും നയപ്രഖ്യാപനപ്രസംഗത്തില്‍ ഒപ്പ് വെക്കുകയും ചെയ്തു.

നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പ് വെക്കണമെങ്കില്‍ ചില ഉപാധികള്‍ അംഗീകരിക്കണമെന്ന ആവശ്യം ഗവര്‍ണര്‍ മുന്നോട്ടുവെക്കുകയായിരുന്നു. ഗവര്‍ണറുടെ അഡീഷണല്‍ പി.എ ആയി ബിജെപി നേതാവ് ഹരി എസ് കര്‍ത്തയെ നിയമിക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശയില്‍ അതൃപ്തി അറിയിച്ച പൊതുഭരണ സെക്രട്ടറി കെ. ആര്‍ ജ്യോതിലാല്‍ രാജ്ഭവനിലേക്ക് കത്തയച്ചിരുന്നു. ജ്യോതിലാലിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി പകരം ശാരദ മുരളീധരനെ പൊതുഭരണ സെക്രട്ടറിയായി നിയമിച്ചു.  പിന്നാലെ നാടകത്തിന് തിരശീല വീഴുകയും വൈകുന്നേരം 6.30 ഓടെ ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പിടുകയും ചെയ്തു.

ഗവര്‍ണറും സര്‍ക്കാരുമായി കൊടുക്കല്‍ വാങ്ങലെന്ന പ്രതിപക്ഷ ആരോപണം അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലായിരുന്നു പുതിയ സംഭവവികാസങ്ങള്‍ക്ക് സംസ്ഥാനം സാക്ഷിയായത്. കൊടുക്കല്‍വാങ്ങലുകളല്ല നടത്തുന്നതെന്ന് വരുത്തിത്തീര്‍ക്കാനുള്ള നാടകമാണ് സംസ്ഥാനത്ത് നടന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ അറിവോടെ ഗവര്‍ണറും മുഖ്യമന്ത്രിയും നടത്തിയ ധാരണയുടെ ഭാഗമാണ് ഈ നാടകമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗവര്‍ണറുടേത് നട്ടെല്ലില്ലാത്ത നടപടിയാണെന്നും സിപിഎം-ബിജെപി അവിഹിത രാഷ്ട്രീയബന്ധത്തിന്‍റെ ദല്ലാളാണ് ഗവര്‍ണറെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിയും ആരോപിച്ചു.