
നിയമസഭയില്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത സ്വന്തം അംഗങ്ങളെ പരസ്യമായി ശാസിച്ച സിപിഎം, ഇപ്പോള്‍ ഒരു പാരഡി ഗാനത്തിന്റെ പേരില്‍ മതവികാരം വ്രണപ്പെട്ടുവെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്ന വിമര്‍ശനം രാഷ്ട്രീയ വൃത്തങ്ങളില്‍ ശക്തമാകുകയാണ്. പാരഡി ഗാനങ്ങള്‍ വഴി ഭക്തിഗാനങ്ങളെ അവഹേളിക്കരുതെന്ന് നിലവില്‍ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, ഇതേ രാജു ഏബ്രഹാം നിയമസഭാംഗമായിരുന്ന 2006-ല്‍, സിപിഎം എംഎല്‍എമാരായിരുന്ന എം.എം. മോനായി, ഐഷാ പോറ്റി എന്നിവര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിനെ പാര്‍ട്ടി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. സഖാക്കള്‍ തങ്ങളുടെ രഹസ്യമായ ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് പാര്‍ട്ടിയെ അപമാനിച്ചു എന്നായിരുന്നു അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്റെയും സംസ്ഥാന കമ്മിറ്റിയുടെയും നിലപാട്.
വിശ്വാസികളായ ആ രണ്ട് എംഎല്‍എമാരെയും നിശിതമായി വിമര്‍ശിക്കുക മാത്രമല്ല, പാര്‍ട്ടിയുടെ സംഘടനാരേഖയില്‍ ഇവരുടെ നടപടി ‘പാര്‍ട്ടിക്കാകെ വരുത്തിവെച്ച അപമാനം’ എന്ന് രേഖപ്പെടുത്തുകയും ചെയ്തു. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തില്‍ ഉറച്ചുനില്‍ക്കേണ്ട പാര്‍ട്ടി അംഗങ്ങള്‍ ഇത്തരം ‘അനാചാരങ്ങള്‍’ ഒഴിവാക്കണമെന്നും, ഏരിയ കമ്മിറ്റി അംഗങ്ങള്‍ പോലുമായ സഖാക്കള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് ഗൗരവകരമായ തെറ്റാണെന്നും അന്ന് പാര്‍ട്ടി കണ്ടെത്തിയിരുന്നു. പാര്‍ട്ടി അംഗങ്ങളുടെ രാഷ്ട്രീയ ഭാവിയെപ്പോലും ബാധിക്കുന്ന വിധത്തിലുള്ള വേട്ടയാടലുകളാണ് അന്ന് ഈ വിഷയത്തില്‍ ഉണ്ടായത്. അന്നത്തെ പാര്‍ട്ടി സെക്രട്ടറി ഇന്ന് മുഖ്യമന്ത്രി ആയപ്പോള്‍ ഇരട്ടത്താപ്പ് നയങ്ങള്‍ക്കും കുറവില്ല. ഭക്തരെ കൈയ്യിലെടുക്കാന്‍ അയ്യപ്പ സംഗമം നടത്തി ചീറ്റി പോയെങ്കിലും നിയമസഭ തിരഞ്ഞെടുപ്പ് തിരിച്ചു പിടിക്കാന്‍ പുതിയ അടവുമായി എത്തിയിരിക്കുകയാണ്് സിപിഎം. ഇത്തവണ മതവികാരം വ്രണപ്പെട്ടുവെന്നാണ് പുതിയ കണ്ടുപിടുത്തം.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സിപിഎം നേതാക്കള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴാണ് പാരഡി ഗാനത്തിന്റെ പേരില്‍ പാര്‍ട്ടി മതവികാരം ഉയര്‍ത്തിപ്പിടിക്കുന്നത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്മകുമാര്‍, മുന്‍ പ്രസിഡന്റ് എന്‍. വാസു എന്നിവര്‍ ഈ കേസില്‍ ഒന്നര മാസത്തിലധികമായി റിമാന്‍ഡിലാണ്. അയ്യപ്പന്റെ സ്വര്‍ണ്ണം മോഷ്ടിച്ചുവെന്ന ആരോപണത്തില്‍ സ്വന്തം നേതാക്കള്‍ ജയിലില്‍ കിടക്കുമ്പോഴും അവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. കുറ്റപത്രം വന്ന ശേഷം നടപടി ആലോചിക്കാമെന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാട് ഈ ഇരട്ടത്താപ്പ് വര്‍ദ്ധിപ്പിക്കുന്നു.
സ്വര്‍ണ്ണക്കൊള്ളയില്‍ പാര്‍ട്ടി നേതാക്കള്‍ പ്രതികളായപ്പോള്‍ ഉണ്ടാകാത്ത ‘വിശ്വാസ വേദന’ ഒരു പാരഡി ഗാനത്തിന്റെ പേരില്‍ പ്രകടിപ്പിക്കുന്നത് മുതലക്കണ്ണീരാണെന്ന് കോണ്‍ഗ്രസ് പരിഹസിക്കുന്നു. അയ്യപ്പന്റെ സ്വര്‍ണ്ണം കവര്ന്നതില് ഇല്ലാത്ത ധാര്‍മ്മിക രോഷമാണ് ഇപ്പോള്‍ രാഷ്ട്രീയ ലാഭത്തിനായി സിപിഎം പുറത്തെടുക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സ്വന്തം അംഗങ്ങളുടെ വിശ്വാസത്തെ അടിച്ചമര്‍ത്തുകയും അതേസമയം വിശ്വാസത്തിന്റെ പേരില്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന സിപിഎം ശൈലി വലിയ ചര്‍ച്ചകള്‍ക്ക് വഴിമാറുകയാണ്.