‘ജനങ്ങളുടെ അന്നം മുടക്കുന്നത് പിണറായി സർക്കാർ ; കള്ളവോട്ടിനെതിരായ പോരാട്ടത്തെ തകർക്കാമെന്ന് കരുതേണ്ട’ : രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, March 27, 2021

Ramesh-Chennithala

തിരുവനന്തപുരം : കേരളത്തിലെ ജനങ്ങളുടെ അന്നംമുടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നാഴ്ചയായി റേഷന്‍കടയില്‍ അരി പൂഴ്ത്തിവെച്ചത് മുഖ്യമന്ത്രിയാണ്. പൂഴ്ത്തിവെച്ച അരി തെരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്ത് പാവപ്പെട്ട ജനങ്ങളുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതത്. ഇരട്ടവോട്ട് വിവാദത്തിലും രമേശ് ചെന്നിത്തല മറുപടി പറഞ്ഞു. കള്ളവോട്ടിനെതിരായ പോരാട്ടത്തെ തകർക്കാമെന്ന് കരുതേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പൂഴ്ത്തിവെച്ച അരി സമയത്ത് കൊടുക്കാതെ തെരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്യുന്നത് ചട്ടലംഘനമാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.കേരളത്തില്‍ ആദ്യമായി ഓണക്കിറ്റ് നല്‍കിയത് കോണ്‍ഗ്രസാണ്. ഇപ്പോള്‍ വിഷുവിന് കൊടുക്കേണ്ട കിറ്റാണ് നേരത്തെ വിതരണംചെയ്യുന്നത്. വിഷുവിന്‍റെ കിറ്റ് ഏപ്രില്‍ ആറിന് ശേഷം കൊടുത്താല്‍ പോരേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഇരട്ടവോട്ട് ആരുടെയുണ്ടെങ്കിലും കണ്ടെത്തണമെന്നും അത് ഒഴിവാക്കണമെന്നും രമേശ് ചെന്നിത്തല ആവർത്തിച്ചു. അമ്മയുടേത് ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവരുടെ വോട്ടും ചെന്നിത്തലയില്‍നിന്ന് ഹരിപ്പാട്ടേക്ക് മാറ്റിയപ്പോള്‍ ആദ്യത്തെ സ്ഥലത്തുനിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഭാര്യയുടേതും മക്കളുടേതും മരുമകളുടേതും ഉള്‍പ്പെടെയുള്ള വോട്ടുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതുമാത്രം എന്ത് സംഭവിച്ചുവെന്ന് അറിയില്ല. അതിന് മറുപടി പറയേണ്ടത് ഉദ്യോഗസ്ഥരാണ്. ഇതുകൊണ്ടൊന്നും കള്ളവോട്ടിനെതിരെയുള്ള തന്‍റെ പോരാട്ടത്തെ തകര്‍ക്കാമെന്ന് കരുതേണ്ടെന്നും ബിജെപിയുടെ യഥാര്‍ഥ ഏജന്‍റ് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.