ലഹരി ഉപയോഗത്തിന് സാധ്യത, ഡിജെ പാർട്ടികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്; 10 മണിക്ക് ശേഷം പാർട്ടികള്‍ അനുവദിക്കില്ല, പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ നല്‍കണം

Jaihind Webdesk
Monday, December 27, 2021

 

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സാരാഘോഷത്തോടനുബന്ധിച്ച് ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. ലഹരി ഉപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഹോട്ടലുകളിൽ വ്യാപകമായി പരിശോധന നടത്താനാണ് ഡിജിപി അനിൽ കാന്തിന്‍റെ നിർദേശം. ഇതിനെ തുടർന്ന് തലസ്ഥാനത്ത് ഉൾപ്പെടെ ഹോട്ടലുകൾക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.

പുതുവത്സരാഘോഷം കണക്കിലെടുത്ത് സംസ്ഥാനത്തേക്ക് വ്യാപകമായി ലഹരിമരുന്നുകൾ എത്തിയെന്ന് പൊലീസിന് ലഭിച്ച വിവരത്തിന്‍റെ  അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഡിജിപി നിർദ്ദേശം നൽകിയത്. പല ഹോട്ടലുകളിലും ഡിജെ പാർട്ടികളുടെ മറവിൽ ലഹരിമരുന്ന് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും ഇന്‍റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഇത് കണക്കിലെടുത്ത് സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് ഡിജിപി അനിൽ കാന്ത് നിർദേശം നൽകിയിരിക്കുന്നത്. ഡിജെ പാർട്ടികൾക്ക് പോലീസ് നിയന്ത്രണവും ഏർപ്പെടുത്തി. ഡിജെ പാർട്ടികൾ നടത്തുന്നുണ്ടെങ്കിൽ അത് സിസി ടിവി ദൃശ്യങ്ങളുള്ള മേഖലകളിലായിരിക്കണം. പാർട്ടിയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ പൊലീസിന് കൈമാറാനും നിർദേശം നൽകിയിട്ടുണ്ട്.
രാത്രി പത്ത് മണിക്ക് ശേഷം ഡിജെ പാർട്ടികൾ അനുവദിക്കില്ല. പാർട്ടികളിൽ ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയാൽ ഹോട്ടലുടമയെ ഉൾപ്പടെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരത്തും കൊച്ചിയിലും ഹോട്ടലുകൾക്ക് നിലവിൽ പൊലീസ് ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ വാഹനപരിശോധനയും സംസ്ഥാനത്ത് കർശനമാക്കാനാണ് നിർദേശം.