കെ.കെ ശൈലജയെ ഒഴിവാക്കിയതില്‍ അണികള്‍ക്കിടയില്‍ അതൃപ്തി ; സിപിഎം സൈബര്‍ പേജുകളില്‍ പരസ്യ പ്രതിഷേധം

Jaihind Webdesk
Wednesday, May 19, 2021

കെ.കെ ശൈലജയെ മന്ത്രിസഭയില്‍ പരിഗണിക്കാത്തതിനെതിരെ സിപിഎം അനുകൂല സൈബർ പേജുകളിലും പ്രൊഫൈലുകളിലും പ്രതിഷേധം. കെ.കെ ശൈലജയെ ഒഴിവാക്കിയതില്‍ സാമൂഹിക മാധ്യമങ്ങള്‍ക്കകത്തും പുറത്തും ഇടത് അനുകൂല പ്രൊഫൈലുകളില്‍ പോലും രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. രൂക്ഷമായ പ്രതികരണവുമായി സി.പി.എം അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജിയും രംഗത്തെത്തി.

ചരിത്രം ആവര്‍ത്തുകയാണെന്ന തലക്കെട്ടുകളോടെ ഗൗരിയമ്മയുടെ ചിത്രവും നിരവധി പേര്‍ പങ്കുവെച്ചു. സിപിഎം മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ‘കോപ്പ്’ എന്ന പ്രതികരണവുമായി സിപിഐഎം അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജിയിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. പിണറായിയുടെ രണ്ടാം സര്‍ക്കാരില്‍ മന്ത്രിമാരുടെ പട്ടികയില്‍ നിന്നും കെകെ ശൈലജയെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായ പശ്ചാത്തലത്തില്‍ കൂടിയാണ് പോരാളി ഷാജി ഫേസ്ബുക്കില്‍ ഇപ്രകാരം കുറിച്ചത്.

‘കുറ്റ്യാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറെയേയും തിരികെ വിളിക്കണം. ലോകം ആദരിച്ച, മഹാമാരി കൊണ്ട് ലോകം വീർപ്പുമുട്ടിയപ്പോഴും ഈ കൊച്ചു കേരളത്തെ മരണത്തിൽ മുക്കിക്കൊല്ലാതെ പിടിച്ചു നിർത്താൻ ടീച്ചർ വഹിച്ച പങ്ക് അവിസ്മരണീയം. ആരോഗ്യരംഗം പരാജയപ്പെട്ടിരുന്നുവെങ്കിൽ മരണസംഖ്യ വർധിക്കുമായിരുന്നു. ഒരു പക്ഷേ, തുടർഭരണം നഷ്ടപ്പെടുമായിരുന്നു. ഈ തീരുമാനം ഒരുപാട് അമ്മമനസ്സുകളിൽ വേദനയുണ്ടാക്കുമെന്നത് തീർച്ചയാണ്’. പോരാളി ഷാജി എന്ന പേജിലെ കുറിപ്പ് ഇതായിരുന്നു.

സമാന സ്വഭാവത്തിലുള്ള പോസ്റ്റുകള്‍ പി.ജെ ആര്‍മി എന്ന പേജിലും വന്നിരുന്നു. മുൻ കണ്ണൂർ‌ ജില്ലാ സെക്രട്ടറി പി ജയരാജന് വേണ്ടി പ്രചാരണം നടത്തുന്ന സൈബർ കൂട്ടായ്മയാണ് പി.ജെ ആർമി. കെ.കെ ശൈലജയ്ക്ക് മന്ത്രി സ്ഥാനം നൽകാത്തതിന് എതിരെ പരസ്യ പ്രതിഷേധം ഉണ്ടാവാൻ സാധ്യത ഇല്ലെങ്കിലും ഇതു സംബന്ധിച്ച അണികളുടെ ചോദ്യങ്ങൾക്ക് നേതാക്കൾ ഉത്തരം പറയേണ്ടി വരും. വരും ദിവസങ്ങളിൽ സിപിഎമ്മിൽ പുതിയ വിവാദത്തിന് ഇത് കാരണമായേക്കാം.