കര്‍ണാടകയില്‍ മുഴുവന്‍ വിമത എം.എല്‍.എമാരെയും അയോഗ്യരാക്കി

Jaihind Webdesk
Sunday, July 28, 2019

ബംഗളൂരു: കര്‍ണാടകയില്‍ 14 വിമത എം.എല്‍.എമാരെ അയോഗ്യരാക്കി. നടപ്പ് നിയമസഭയുടെ കാലാവധി തീരുന്നതുവരെയാണ് ഇവരെ അയോഗ്യരാക്കിയത്. കഴിഞ്ഞദിവസം മൂന്ന് എം.എല്‍.എമാരെ അയോഗ്യരാക്കിയതിന് പിന്നാലെയാണ് ഇന്ന് ബാക്കിയുള്ള വിമത എം.എല്‍.എമാരെയും അയോഗ്യരാക്കിയത്. ഇതില്‍ 11 പേര്‍ കോണ്‍ഗ്രസ് ടിക്കറ്റിലും 3 പേര്‍ ജെ.ഡി.എസ് ടിക്കറ്റിലും മത്സരിച്ചവരാണ്. രാജ്യത്തെ നിയമസഭാ ചരിത്രത്തിലും കൂറുമാറ്റ നിയമത്തിലും ചരിത്രപ്രധാനമായ നടപടിയാണ് ഇപ്പോള്‍ കര്‍ണാടക സ്പീക്കര്‍ രമേശ് കുമാറില്‍ നിന്നുണ്ടായിരിക്കുന്നത്.
സ്പീക്കറെ പുറത്താക്കുന്നതിനുവേണ്ടി ബി.ജെ.പിയുടെ കരുനീക്കം പുരോഗമിക്കുന്നതിനിടെയാണ് രമേശ് കുമാറിന്റെ നടപടി. വിമതരായ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ നേരത്തെ അയോഗ്യരാക്കിയിരുന്നു. ശ്രീമന്ത് പാട്ടീല്‍, മുതിര്‍ന്ന നേതാക്കളായ റോഷന്‍ ബെയ്ഗ്, ആനന്ദ് സിംഗ്, എച്ച് വിശ്വനാഥ്, എസ് ടി സോമശേഖര്‍ എന്നിവരെയെല്ലാം അയോഗ്യരാക്കിയിട്ടുണ്ട്.

ആരോഗ്യകാരണങ്ങളാലാണ് താന്‍ മുംബൈയ്ക്ക് പോയതെന്ന് ശ്രീമന്ത് പാട്ടീല്‍ സ്പീക്കര്‍ക്ക് കത്തുനല്‍കിയിരുന്നു. എന്നാല്‍ ശ്രീമന്ത് പാട്ടീല്‍ വിപ്പ് ലംഘിച്ചെന്നും, ഇദ്ദേഹത്തെയും അയോഗ്യനാക്കണമെന്നും കോണ്‍ഗ്രസും ജെഡിഎസും ആവശ്യപ്പെടുകയായിരുന്നു. നടപ്പു നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നതുവരെയാണ് എംഎല്‍എമാരെ അയോഗ്യരാക്കിയത്.

ഈ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നതുവരെ അയോഗ്യരാക്കിയ വിമത എംഎല്‍എമാര്‍ക്ക് ഏതെങ്കിലും പദവി വഹിക്കുകയോ, ഉപതെരഞ്ഞെടുപ്പിനെ നേരിടുകയോ ചെയ്യാനാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. 14 എംഎല്‍എമാരുടെ കാര്യത്തില്‍ കാര്യങ്ങള്‍ വിശദമായി പഠിക്കേണ്ടതുകൊണ്ടാണ് തീരുമാനം വൈകിയതെന്നും സ്പീക്കര്‍ രമേഷ് കുമാര്‍ അറിയിച്ചു.