ആള്‍ക്കൂട്ട സത്യപ്രതിജ്ഞയില്‍ സിപിഎമ്മിനുള്ളിലും ഭിന്നത ; ജനപങ്കാളിത്തം കുറയ്ക്കണമെന്ന് ആവശ്യം

Jaihind Webdesk
Wednesday, May 19, 2021

തിരുവനന്തപുരം : കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തുന്ന സത്യപ്രതിജ്ഞാച്ചടങ്ങിനെ ചൊല്ലി സിപിഎമ്മിനുള്ളിലും അതൃപ്തി. ചടങ്ങിലെ ജനപങ്കാളിത്തം കുറയ്ക്കണമെന്നാണ് സിപിഎമ്മിനുള്ളിലെ ആവശ്യം. 500 പേരെ പങ്കെടുപ്പിച്ച് വ്യാഴാഴ്ച സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ നടക്കുക.

തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ അടക്കം നിലനില്‍ക്കെ നിയന്ത്രണങ്ങള്‍ ലംഘിച്ച് നടത്തുന്ന ചടങ്ങിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. നിയന്ത്രണങ്ങളുടെ പേര് പറഞ്ഞ് ജനങ്ങളെ വീടുകളില്‍ ബന്ദിയാക്കിയിരിക്കുന്ന സര്‍ക്കാര്‍ തന്നെ നിയമങ്ങള്‍ ലംഘിക്കുന്നുവെന്നാണ് ആരോപണം.

ഇതിനിടെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ജോലികള്‍ക്കായി സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയ കരാർ ജീവനക്കാരന് കൊവിഡ്‌ സ്ഥിരീകരിച്ചു. ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരനാണ്‌ രോഗം. സ്ഥലത്ത് നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്‌. സമ്പർക്കം പുലർത്തിയ രണ്ടു ജീവനക്കാർ ക്വാറന്‍റൈനിൽ പ്രവേശിച്ചു.