നയതന്ത്ര പാഴ്സലില്‍ എത്തിയവ പുറത്ത് വിതരണം ചെയ്ത കേസ് : മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് പ്രതി ചേർക്കും

Jaihind News Bureau
Saturday, September 19, 2020

K.T-Jaleel

കൊച്ചി : നയതന്ത്ര പാഴ്സലിലെത്തിയവ പുറത്ത് വിതരണം ചെയ്ത കേസിൽ മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് പ്രതി ചേർക്കും. തീരുവ ഇളവ് നിബന്ധന, ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ ആക്ട് എന്നിവ പ്രകാരമുള്ള കുറ്റങ്ങളിലാണ് കസ്റ്റംസ് ജലീലിനെ പ്രതിചേർക്കുക. മന്ത്രി കെ.ടി ജലീലിനെ അടുത്ത ദിവസം കസ്റ്റംസ് കൊച്ചിയിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യും.

നയതന്ത്ര പാഴ്സലിൽ എത്തിയ ഈന്തപ്പഴവും മതഗ്രന്ഥങ്ങളും യു.എ.ഇ കോൺസുലേറ്റിന് പുറത്ത് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം എടുത്ത കേസിൽ മന്ത്രി കെ.ടി ജലീൽ പ്രതിയാകുമെന്നാണ് സൂചന. എന്നാൽ കേസിൽ കസ്റ്റംസ് ഇതുവരെ ആരെയും പ്രതിചേർത്തിട്ടില്ല. യു.എ.ഇ കോൺസുലേറ്റിന്‍റെ പേരിൽ നികുതി അടക്കാതെ കൊണ്ടുവന്നവ കോൺസുലേറ്റിന് പുറത്തുള്ളവർക്ക് കൊടുത്തതോടെ നികുതി ഇളവിന് അർഹമല്ലാതായി.

32 മതഗ്രന്ഥ പാക്കേജുകൾ മന്ത്രി ജലീൽ ഇടപെട്ട് സർക്കാർ സ്ഥാപനമായ സി ആപ്ടിലെത്തിക്കുകയും, ഇവ പുറത്ത് വിതരണം ചെയ്തതും മന്ത്രിയെ പ്രതിചേർക്കാവുന്ന കുറ്റമാണെന്ന് കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. തീരുവ ഇളവ് നിബന്ധന, ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ ആക്ട് എന്നിവ ലംഘിച്ചതിനാണ് മന്ത്രി കെ.ടി ജലീലിനെ കേസിൽ പ്രതി ചേർക്കുക എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗത്തിന്‍റെ പ്രാഥമിക അന്വേഷണത്തിൽ മന്ത്രി നിയമലംഘനം നടത്തിയതിനെതിരെ തെളിവ് ലഭിച്ചിട്ടുണ്ട്. കേസിൽ മന്ത്രിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് കസ്റ്റംസ്. നേരത്തെ എന്‍ഫോഴ്സ്മെന്‍റ്, എന്‍.ഐ.എ എന്നീ അന്വേഷണ ഏജൻസികൾക്ക് മുമ്പിൽ കെ.ടി ജലീൽ നൽകിയ മൊഴി കസ്റ്റംസ് പരിശോധിച്ച് വരുകയാണ്. തുടർന്നാവും ജലീലിനെ ചോദ്യം ചെയ്യാൻ വിളപ്പിക്കുക.