ഡി.ജി.പിയുടെ പെരുമാറ്റം സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പോലെ : മുല്ലപ്പള്ളി രാമചന്ദ്രന്‍

webdesk
Sunday, April 14, 2019

Mullapaplly-Ramachandran

സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരെപ്പോലെയാണ് ഡി.ജി.പി പെരുമാറുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പോസ്റ്റല്‍ വോട്ട് ചെയ്യുന്ന പോലീസുകാരുടെ വിവരം ശേഖരിക്കാനുള്ള ഡി.ജി.പിയുടെ സര്‍ക്കുലറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ പോലീസുകാരുടെയും വിവരങ്ങള്‍ ശേഖരിച്ച് സി.പി.എം ഓഫീസിലെത്തിക്കുന്ന പോസ്റ്റുമാന്‍റെ പണിയാണ് ഇപ്പോള്‍ ഡി.ജി.പി ചെയ്യുന്നത്. ഇത് കേരളാ പോലീസിന് അപമാനമാണ്. ഡി.ജി.പി ഇറക്കിയ സര്‍ക്കുലറിന് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും സര്‍ക്കുലര്‍ എത്രയും വേഗം പിന്‍വലിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. പോലീസുകാരെ ഉന്നത ഉദ്യോഗസ്ഥരെക്കൊണ്ട് സ്വാധീനിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഡി.ജി.പിയുടെ സര്‍ക്കുലര്‍. സ്വതന്ത്രവും നിര്‍ഭയവുമായി സമ്മതിദാനാവകാശം നിര്‍വഹിക്കാനുള്ള പോലീസുകാരുടെ മൗലിക അവകാശത്തിന് നേരെയുള്ള കടന്നാക്രമണമാണിത്.

സി.പി.എമ്മിന്‍റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പോലീസുകാരെ ഉപയോഗിച്ച് വന്‍തുക പിരിക്കുന്നതായി ആരോപണം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കാന്‍ സർക്കാർ തയാറാകണം. കോണ്‍ഗ്രസിന്‍റെ സമുന്നത നേതാക്കളെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുന്ന പോലീസുകാര്‍ക്കെതിരെ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ ഡി.ജി.പി തയാറായില്ല. എന്നാല്‍ സി.പി.എമ്മിന്‍റെ ചോട്ടാ നേതാക്കള്‍ക്കെതിരായ വിദൂരപരാമര്‍ശത്തിന് പോലും പോലീസ് നടപടി സ്വീകരിക്കുന്നു. ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്സീം സമുദായത്തിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നടത്തിയ പരാമാര്‍ശം ആപല്‍ക്കരവും വര്‍ഗീയധ്രുവീകരണം ലക്ഷ്യമിട്ടുമുള്ളതാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഹിന്ദു ധ്രുവീകരണ രാഷ്ട്രീയത്തിന്‍റെ വക്താവാണ്. രാജ്യത്ത് വര്‍ഗീയ ധ്രൂവീകരണത്തിന് കാരണമാകുന്ന സമരങ്ങളുടെ മുന്നില്‍ നിലയുറപ്പിച്ച വ്യക്തിയാണ് കുമ്മനം. മാറാട്, നിലക്കല്‍ സമരം ഉള്‍പ്പടെ അദ്ദേഹം നേതൃത്വം കൊടുത്ത ഏത് സമരങ്ങള്‍ പരിശോധിച്ചാലും ഇത് വ്യക്തമാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. മതേതര ജനാധിപത്യ മനസുള്ളവരാണ് തിരുവനന്തപുരത്തെ വോട്ടര്‍മാര്‍. കോണ്‍ഗ്രസിന്‍റേത് മികച്ച സ്ഥാനാര്‍ത്ഥിയാണ്. തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ പ്രബുദ്ധരാണ്. ശരി തെറ്റുകളെ തിരിച്ചറിയാനുള്ള വിശാല കാഴ്ചപ്പാടുള്ളവരാണവരെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.