കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂർത്ത് തുടർന്ന് സർക്കാർ

Jaihind News Bureau
Friday, October 4, 2019

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂർത്ത് തുടർന്ന് സർക്കാർ. സർക്കാരിന്‍റെ വിവിധ പദ്ധതികളുടെ പ്രചരണത്തിനായി സ്ഥിരം പരസ്യ ഹോര്‍ഡിംഗുകൾ സ്ഥാപിക്കാനാണ് തീരുമാനം. ഇതിനായി അഞ്ച് കോടിയലധികം രൂപ അനുവദിച്ചു. ഉത്തരവിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

സർക്കാരിന്‍റെ കാലാവധി അവസാനിക്കാൻ ഒന്നര വർഷം മാത്രം അവശേഷിക്കെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സ്ഥിരം പരസ്യ ഹോര്‍ഡിംഗുകൾ സ്ഥാപിക്കുന്നനായി കോടികൾ ധൂർത്തടിക്കുന്നത്. സർക്കാരിന്‍റെ വിവിധ പദ്ധതികളുടെ പ്രചരണത്തിനായി 500 സ്ഥിരം പരസ്യ ഹോര്‍ഡിംഗുകൾ സ്ഥാപിക്കാനാണ് തീരുമാനം. ആദ്യ ഘട്ടത്തിൽ 300 ഹോര്‍ഡിംഗുകളാകും സ്ഥാപിക്കുക. സിഡ്കോയ്ക്കാണ് ഇതിന്‍റെ ചുമതല നൽകിയിരിക്കുന്നത്.

5 കോടി 23 ലക്ഷത്തി 74,000 രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. സർക്കാരിന്‍റെ ഉടമസ്ഥതയിലുളള സ്ഥല ങ്ങളിലും കെട്ടിടങ്ങളിലുമായിരിക്കും ഹോൾഡിംഗുകൾ സ്ഥാപിക്കുക. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. തൃശൂർ ജില്ലക്ക് 1 കോടി 12 ലക്ഷം, കോഴിക്കോട് 1 കോടി 19 ലക്ഷം, കണ്ണൂർ 1 കോടി 26 ലക്ഷം, മലപ്പുറം 52 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.

ഒരു ജില്ലക്ക് ശരാശരി ഒരു കോടി വീതം മാറ്റി വച്ചിട്ടുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഘട്ടത്തിലാണ് സർക്കാർ കോടികൾ ധൂർത്തടിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പ്രളയ പുനർനിർമ്മാണത്തിന് പോലും പണം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന ഘട്ടം കൂടിയാണിത്. ലക്ഷങ്ങൾ ശമ്പളം നൽകി മുൻ എം.പി എ. സമ്പത്തിനെ കേരള ഹൗസിൽ നിയമിച്ചടക്കമുള്ള നടപടികൾ നേരത്തെ വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു.ഇതിന് പിന്നാലെയാണ് കോടികൾ ധൂർത്തടിച്ച് പരസ്യ ഹോര്‍ഡിംഗുകൾ സ്ഥാപിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്.