സീസണിലെ ഏറ്റവും ഉയര്‍ന്ന താപനില ഡല്‍ഹിയില്‍ രേഖപ്പെടുത്തി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചു ഡിഗ്രി സെല്‍ഷ്യസ് കൂടി

Jaihind News Bureau
Monday, April 7, 2025

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി, സഫ്ദര്‍ജംഗില്‍ 40.2 ഡിഗ്രി സെല്‍ഷ്യസ്് ചൂട്് ആണ് ഇന്നു രേഖപ്പെടുത്തിയത് ഇത് സാധാരണയേക്കാള്‍ 5.1 ഡിഗ്രി കൂടുതലാണെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കുന്നു. ഈ ആഴ്ച ആദ്യം ദേശീയ തലസ്ഥാനത്തും വടക്കുപടിഞ്ഞാറന്‍, മധ്യ ഇന്ത്യയുടെ ചില ഭാഗങ്ങളിലും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. പാലം വിമാനത്താവളത്തിലെ താപനില 39.5 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു, സീസണല്‍ ശരാശരിയേക്കാള്‍ നാല് ഡിഗ്രി കൂടുതലാണ്.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ യെല്ലോ അലേര്‍ട്ട് നിലവിലുണ്ട്. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. പരമാവധി താപനില 40 മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സഫ്ദര്‍ജംഗില്‍ ഇന്നലെ 38.2 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. സാധാരണയേക്കാള്‍ മൂന്ന് ഡിഗ്രി കൂടുതലാണിത്. ഇതിനുമുമ്പ് ഈ സീസണില്‍ സഫ്ദര്‍ജംഗില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 39 ഡിഗ്രിയായിരുന്നു.ഏപ്രില്‍ 3 നായിരുന്നു ഇത് .

അതേസമയം, ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം ‘മോശം’ വിഭാഗത്തില്‍ തുടരുകയാണ്. വടക്കേ ഇന്ത്യയുടെയും മധ്യ ഇന്ത്യയുടെയും ചില ഭാഗങ്ങളില്‍ ഉഷ്ണതരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഏപ്രില്‍ 7 ന് ഹിമാചല്‍ പ്രദേശിന്റെ ഒറ്റപ്പെട്ട ഭാഗങ്ങളിലും ഇതു ബാധിച്ചേക്കാം. ഏപ്രില്‍ 7 മുതല്‍ 10 വരെ ഹരിയാന, ചണ്ഡീഗഡ്, പഞ്ചാബ് എന്നിവിടങ്ങളിലും സമാനമായ അവസ്ഥകള്‍ നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു. ഏപ്രില്‍ 7 മുതല്‍ 9 വരെ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും ഏപ്രില്‍ 8 മുതല്‍ 10 വരെ മധ്യപ്രദേശിലും ഉഷ്ണതരംഗം അനുഭവപ്പെടാം. രാജസ്ഥാന്‍, ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഏകദേശം 21 നഗരങ്ങളിലും വരും ദിവസങ്ങളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.