കർണാടകയിൽ 14 വിമത എംഎൽഎമാരുടെ രാജിയിലും അയോഗ്യതയിലും തീരുമാനം ഇന്ന്; യെദ്യൂരപ്പക്ക് മുന്നിൽ ഇനിയും കടമ്പകൾ ഏറെ

Jaihind News Bureau
Saturday, July 27, 2019

yeddyurappa

കർണാടകയിൽ 14 വിമത എംഎൽഎമാരുടെ രാജിയിലും അയോഗ്യതയിലും ഇന്ന് തീരുമാനമാകും. വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് കോൺഗ്രസും ജെഡിഎസും ആവശ്യപ്പെട്ടു. അതിനിടെ അയോഗ്യരാക്കിയ നടപടിക്കെതിരെ മൂന്ന് വിമത എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചു.  ബി.എസ്. യെദ്യൂരപ്പ സർക്കാർ നാളെ വിശ്വാസവോട്ടെടുപ്പ് തേടിയേക്കും.

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ അത്ര പെട്ടെന്ന് ഒരു പരിഹാരം ഉണ്ടാകില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. ബിജെപിയോട് കൂട്ട് ചേർന്ന് സർക്കാരിനെ താഴെയിറക്കാൻ ശ്രമിച്ച വിമത എംഎൽഎമാർക്ക് നേരെയും നടപടി ഉടൻ ഉണ്ടാവുമെന്ന് നേരത്തെ തന്നെ സ്പീക്കർ വ്യക്തമാക്കിയിരുന്നു. യെദ്യൂരപ്പ സർക്കാർ രൂപീകരിച്ച സാഹചര്യത്തിൽ ബാക്കി എംഎൽഎമാരുടെ രാജിയിലും അയോഗ്യതയിലും ഇന്ന് തന്നെ തീരുമാനം ഉണ്ടായേക്കും. അയോഗ്യരാക്കിയ എംഎൽഎമാരുടെയും രാജി വച്ചവരുടെയും ബലത്തിലാണ് യെദിയൂരപ്പ സർക്കാർ നിലനിൽക്കുന്നത്. 224 അംഗ നിയമസഭയിൽ 105 അംഗങ്ങൾ മാത്രമേ ഇപ്പോഴും ബിജെപിക്കുള്ളൂ. കേവലഭൂരിപക്ഷമില്ല. പക്ഷേ 16 വിമതർ പുറത്തുപോയാൽ കേവലഭൂരിപക്ഷത്തിന് വേണ്ട അംഗസംഖ്യ 104 ആയി കുറയും.

തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് എന്ന കടമ്പയും മുന്നിലുണ്ട്. എംഎൽഎമാർക്ക് അയോഗ്യത കൽപ്പിക്കുന്ന സാഹചര്യത്തെ ആശങ്കയോടെയാണ് ബിജെപി ക്യാമ്പ് ഉറ്റുനോക്കുന്നത്. എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച് സുപ്രീംകോടതി എടുക്കുന്ന നിലപാട് കൂറുമാറ്റ നിരോധന നിയമത്തിന്‍റെ വ്യാഖ്യാനങ്ങളിൽത്തന്നെ നിർണായകമാവും. കൂറുമാറ്റ നിരോധന നിയമത്തെ നോക്കുകുത്തിയാക്കിയാണ് കർണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായത്. അതിനിടെ അയോഗ്യരാക്കിയ നടപടിക്കെതിരെ വിമതർ സുപ്രീംകോടതിയെ സമീപിച്ചു. വിമത കോൺഗ്രസ് എംഎൽഎമാരായ രമേശ് ജാർക്കിഹോളി, മഹേഷ് കുമ്ടഹള്ളി, സ്വതന്ത്രനായ ആർ.ശങ്കർ എന്നിവരാണ് അയോഗ്യത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കർ അയോഗ്യരാക്കിയാൽ പിന്നെ എംഎൽഎമാർക്ക് ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.