സില്‍വർ ലൈന്‍: എതിർപ്പ് ഉന്നയിച്ചവരുമായി സംവാദത്തിനൊരുങ്ങി കെ റെയില്‍

Jaihind Webdesk
Friday, April 22, 2022

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സാങ്കേതിക എതിര്‍പ്പുകളില്‍  കെ റെയില്‍ സംവാദത്തിന് ഒരുങ്ങുന്നു . വ്യാഴാഴ്ച തിരുവനന്തപുരത്താണ് സംവാദം.പദ്ധതിയെ എതിർക്കുന്ന അലോക് കുമാർ വർമ, ജോസഫ് സി മാത്യു തുടങ്ങിയ പ്രമുഖരെ സംവാദത്തിന് ക്ഷണിച്ചു.

അതേസമയം പ്രതിഷേധങ്ങള്‍ അവഗണിച്ച് സില്‍വര്‍ലൈന്‍ സര്‍വേനടപടികള്‍ തുടരാനാണ് കെ റെയില്‍ തീരുമാനം. പ്രതിഷേധത്തിന് സാധ്യത കുറഞ്ഞ സ്ഥലങ്ങളില്‍ ഇന്ന് സര്‍വേ തുടരും. കണ്ണൂരില്‍ ചാല മുതൽ തലശ്ശേരിവരെയുള്ള ഭാഗങ്ങളിലാണ് കല്ലിടൽ ബാക്കിയുളളത്.

20 ദിവസത്തിനുശേഷം സര്‍വേ നടപടികള്‍ പുനരാരംഭിച്ചപ്പോള്‍ കടുത്ത പ്രതിഷേധവും സംഘര്‍ഷവുമുണ്ടായെങ്കിലും പിന്നോട്ടുപോകേണ്ട എന്നാണ് കെ റെയില്‍ അധികൃതരുടെ തീരുമാനം. സര്‍വേ നടപടികള്‍ ഇന്നും തുടരാന്‍ നിര്‍ദേശം നല്‍കി. പ്രതിഷേധത്തിന് സാധ്യത കുറഞ്ഞ സ്ഥലങ്ങള്‍ തിരഞ്ഞുപിടിച്ച് സര്‍വേ നടത്തും. കണ്ണൂര്‍ ചാലയില്‍ ഈ തന്ത്രം ഇന്നലെ ഭാഗികമായി വിജയിച്ചിരുന്നു. ഇവിടെ നഗരസഭാ പരിധിക്കുള്ളിലായിരുന്നു സര്‍വേ നടത്തിയത്. ഇവിടെ ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ 32 കല്ലുകള്‍ സ്ഥാപിച്ച ശേഷമാണ് പ്രതിഷേധക്കാര്‍ എത്തിയത്. തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ കല്ലുകളെല്ലാം പിഴുതെറിഞ്ഞത്.