ശിശുസംരക്ഷണ സമിതി ഏറ്റെടുത്ത ദളിത് പെൺകുട്ടി മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കളും നാട്ടുകാരും

എറണാകുളത്ത് ശിശുസംരക്ഷണ സമിതി ഏറ്റെടുത്ത ദളിത് പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതായി പരാതി. രണ്ട് വർഷം മുൻപ് പീഡനത്തിനിരയായി എന്ന പരാതിയെ തുടർന്ന് കോടതി ശിശുസംരക്ഷണ സമിതിക്ക് കൈമാറിയ പതിനഞ്ചുകാരിയാണ് മരണപ്പെട്ടത്.

ശിശു സംരക്ഷണ സമിതി ഏറ്റെടുത്ത് സംരക്ഷണത്തിനായി സ്വകാര്യ സ്ഥാപനത്തിന് കൈമാറിയ കാലടി സ്വദേശിനിയായ പതിനഞ്ച് കാരിയാണ് ഇന്നലെ ഉച്ചയോടെ മരണപ്പെട്ടത്. ഇന്നലെ ഉച്ചക്ക് ശേഷം കുട്ടി മരണപ്പെട്ടന്ന് അധികൃതർ ബന്ധുക്കളെ അറിയിക്കുകയും മൃതദേഹം ഏറ്റുവാങ്ങാൻ നിർദേശിച്ചെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മരണപ്പെട്ട കുട്ടിയുടെ ബന്ധുവുമായ വൈശാഖ് എസ്.ദർശൻ വ്യക്തമാക്കി.

പീഡനക്കേസിൻ്റെ വിസ്താരം നടക്കാനിരിക്കെ കുട്ടിയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും കാലടി സ്റ്റേഷനിലെ പോലീസുകാർ പറഞ്ഞാണ് തങ്ങൾ മരണം വിവരം അറിഞ്ഞതെന്നും കാലടി പഞ്ചായത്തംഗം പറഞ്ഞു.

കഴിഞ്ഞ 2 വർഷമായി കുട്ടിയെ ബന്ധുക്കളെ കാണാൻ പോലും അനുവദിച്ചിരുന്നില്ലെന്നും യാതൊരു അസുഖവുമില്ലാത്ത കുട്ടിയുടെ മരണം ദുരൂഹമാണെന്നും ഇതേ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Comments (0)
Add Comment