ഐഎസ്ആർഒ ചാരക്കേസ് : ഡികെ ജെയിൻ കമ്മിറ്റി പ്രവർത്തനം തുടങ്ങുന്നു; അന്വേഷണ ഉദ്യോഗസ്ഥർക്ക് സമിതി നോട്ടീസ് ഉടൻ

Monday, January 28, 2019

ISRO-Spy-Case

ഐഎസ്ആർഒ ചാരക്കേസിൽ ഉദ്യോഗസ്ഥർക്ക് എതിരായ നടപടി നിശ്ചയിക്കാൻ ജസ്റ്റിസ് ഡികെ ജെയിൻ കമ്മിറ്റി പ്രവർത്തനം തുടങ്ങുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് സമിതി ഉടൻ നോട്ടീസ് അയക്കും.  നമ്പി നാരായണന് എതിരായ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിബി മാത്യു, കെകെ ജോഷ്വ, എസ്‌.വിജയൻ എന്നിവരുടെ വിശദീകരണം തേടിയാണ് നോട്ടീസ് അയക്കുക.

നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ജസ്റ്റിസ് ഡി.കെ. ജയിന്‍ അധ്യക്ഷനായ സമിതി അന്വേഷണം നടത്താന്‍ സുപ്രീംകോടതി കഴിഞ്ഞ സെപ്റ്റംബറിലാണ് ഉത്തരവിട്ടത്.നമ്പി നാരായണനെ കേസില്‍ കുടുക്കിയ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവരുടെ പങ്ക് അന്വേഷിക്കാനും ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി വ്യക്തമാക്കാനുമാണ് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.കെ. ജയിന്‍ അധ്യക്ഷനായ സമിതി രൂപീകരിച്ചത്. ചാരക്കേസിന് പിന്നിലെ രാഷ്ട്രീയ ഇടപെടലുകളും ഉദ്യോഗസ്ഥ തലത്തിലെ അട്ടിമറികളും ഡി.കെ. ജയിന്‍ സമിതിയുടെ മുന്നില്‍ വരും. ഡല്‍ഹി കേന്ദ്രമാക്കിയാണ് കമ്മീഷന്‍റെ പ്രവര്‍ത്തനം.

എന്നാല്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ അന്വേഷണത്തിന്‍റെ ഭാഗമായി സിറ്റിംഗ് നടത്തും. ഏതാനും അടിസ്ഥാന സൗകര്യങ്ങൾ മാത്രമേ ഇനി കമ്മിറ്റിക്ക് ലഭിക്കാനുള്ളൂ, കേന്ദ്ര സർക്കാർ അത് ലഭ്യമാക്കിയാൽ ഉടൻ സിറ്റിംഗ് തുടങ്ങുമെന്ന് കമ്മിറ്റി ഉന്നത വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലാണ് കമ്മിറ്റി ഓഫീസ്. ആവശ്യമെങ്കിൽ കേരളത്തിലും സിറ്റിങ് നടത്തുന്ന കാര്യം പരിഗണിക്കും.  ജസ്റ്റിസ് ഡികെ ജെയിൻ, കേന്ദ്ര പ്രതിനിധിയായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥനായിരുന്ന ബികെ പ്രസാദ്, സംസ്ഥാന പ്രതിനിധിയായി അഡീഷണൽ ചീഫ് സെക്രട്ടറി വി.എസ് സെന്തിൽ എന്നിവർ സമിതിയിലുണ്ടാകും.