അർജുൻ ആയങ്കിയുടെ ഭാര്യയെ ഇന്ന് കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

Jaihind Webdesk
Monday, July 12, 2021

രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ ഇന്ന് കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. അമലയുടെ മൊഴിയിൽ വൈരുധ്യങ്ങളുള്ളത് കൊണ്ടാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്.

കേസിലെ ചില പ്രതികൾക്ക് സിം കാർഡുകൾ എടുത്തു നൽകിയ പാനൂർ സ്വദേശി സക്കീനയെയും മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടുണ്ട്. അർജ്ജുൻ ആയങ്കി അടക്കമുള്ള പ്രതികൾക്ക് സിം കാർഡ് എടുത്തു നൽകിയത് ഇവരുടെ പേരിലാണെന്ന് കസ്റ്റംസ് കണ്ടെത്തി. ടി.പി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയോട് ചൊവ്വാഴ്ച കൊച്ചിയിൽ എത്താനാണ് നിർദേശം. കേസിലെ സൂഫിയാൻ അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ കസ്റ്റംസ് ഇന്ന് മഞ്ചേരി കോടതിയിൽ അപേക്ഷ നൽകിയേക്കും.

കഴിഞ്ഞ തിങ്കളാഴ്ചയും അമലയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അർജുന്‍റെ സുഹൃത്തുക്കളെ കുറിച്ചും മൊബൈൽ ഫോണിനെക്കുറിച്ചും അറിയാനായിരുന്നു ചോദ്യം ചെയ്യൽ. അമലയുടെ അമ്മ നൽകിയ പണം കൊണ്ടാണ് വീട് വെച്ചത് എന്നാണ് അർജുൻ മൊഴി നൽകിയതെങ്കിലും ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. അമലയെ ചോദ്യം ചെയ്യുന്നതിലൂടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് കൂടുതൽ വിവരം ലഭിക്കുമെന്നാണ് കസ്റ്റംസ് പ്രതീക്ഷിക്കുന്നത്.