നിലവില്‍ ലോക്ക്ഡൗണ്‍ ആലോചിക്കുന്നില്ല ; നിയന്ത്രണങ്ങള്‍ കർശനമാക്കും, ജാഗ്രതയോടെ നീങ്ങണമെന്ന് മുഖ്യമന്ത്രി

Jaihind Webdesk
Wednesday, April 21, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ നിയന്ത്രണങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഏവരുടെയും സഹകരണമാണ് ഇതിന് ആവശ്യം. കുറച്ചുകൂടി ജാഗ്രതയോടെ നീങ്ങണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

ബ്രേക്ക് ദ ചെയിൻ ശക്തമായി മുന്നോട്ട് കൊണ്ടുപോകണം. ഓരോ തദ്ദേശ സ്ഥാപനവും ബ്രേക് ദ ചെയിൻ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ആൾക്കൂട്ടം, അടഞ്ഞ സ്ഥലം, അടുത്ത് ഇടപഴകല്‍ എന്നിവ ഒഴിവാക്കണം. രോഗവ്യാപന തോത് ശക്തമായ സാഹചര്യമാണ്. ആളുകൾ കൂട്ടം ചേരരുത്. പ്രോട്ടോക്കോൾ പ്രകാരം അനുവദനീയമായതിൽ കൂടുതൽ ആളുകളുള്ള ഒരു പരിപാടിയും പാടില്ല. വാക്സിനേഷൻ പരമാവധി പേർക്ക് വേഗത്തിൽ നൽകുക പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യം അവലോകന യോഗം ചേർന്ന് വിലയിരുത്തി. നിയന്ത്രണം കർക്കശമാക്കും. സിഎഫ്എൽടിസികൾ ഒരു താലൂക്കിൽ ഒരെണ്ണം ഉണ്ടാകും. രോഗികളുടെ എണ്ണം വർധിച്ചാൽ സിഎഫ്എൽടിസികൾ വർധിപ്പിക്കും.

62,25,976 ഡോസ് വാക്സിനാണ് സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തത്. വാക്സിൻ ദൗർലഭ്യം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. 50 ലക്ഷം ഡോസാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.അഞ്ചര ലക്ഷം ഡോസാണ് ലഭിച്ചത്. ബാക്കി വാക്സിൻ അടിയന്തിരമായി ലഭ്യമാക്കണം. സ്വകാര്യ ആശുപത്രി പ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗവും വിളിച്ചുചേർക്കും. നിയന്ത്രണം ജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കും. മഹാമാരി തീവ്രവ്യാപന സ്വഭാവമുള്ളതായതിനാല്‍ ബുദ്ധിമുട്ട് ഉണ്ടായാലും നിയന്ത്രണങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സർക്കാർ ജീവനക്കാരിൽ 50 ശതമാനം പേർക്ക് റൊട്ടേഷൻ അടിസ്ഥാനത്തിൽ വർക്ക് ഫ്രം ഹോം നടപ്പാക്കുകയാണ്. മറ്റുള്ളവരെ കൊവിഡ് നിയന്ത്രണ പ്രവർത്തനത്തിന് ജില്ലാ കളക്ടർമാർ ഉപയോഗിക്കും. സ്വകാര്യ മേഖലയിലും വർക്ക് ഫ്രം ഹോം നടപ്പിലാക്കാൻ സ്ഥാപന മേധാവികൾ ശ്രദ്ധിക്കണം. ഏപ്രിൽ 24 ശനിയാഴ്ച പൊതു അവധി. സർക്കാർ-പൊതുമേഖലാ ഓഫീസുകൾക്ക് അവധി നൽകുന്നു. ആ ദിവസത്തെ ഹയർ സെക്കന്‍ഡറി പരീക്ഷയ്ക്ക് മാറ്റമുണ്ടാകില്ല. 24 നും 25 നും അത്യാവശ്യ സർവീസുകൾ മാത്രമേ ഉണ്ടാകൂ.  നിയന്ത്രണങ്ങള്‍ കർശനമാക്കാനാണ് തീരുമാനം. ലോക്ക്ഡൗൺ അന്തരീക്ഷം സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.