ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി സിപിഎം പ്രവര്‍ത്തകരുടെ ആഘോഷം. കണ്ണൂര്‍ കൂത്ത്പറമ്പ് പറമ്പായി കുട്ടിച്ചാത്തന്‍ മഠം ഉത്സവത്തിന്റെ ഭാഗമായ കലശ ഘോഷയാത്രയിലാണ് മുഴപ്പിലങ്ങാട് സൂരജ് വധക്കേസ് പ്രതികളുടെ ചിത്രം പതിച്ച കൊടികളുമായി സിപിഎം പ്രവര്‍ത്തകരുടെ ആഘോഷം നടന്നത് . കലശത്തിനിടെ എ കെ ജിയുടെയും ഇ എം എസിന്റെയും പേര് പറഞ്ഞുള്ള മുദ്രാവാക്യം വിളിക്കും വിപ്ലവഗാനങ്ങള്‍ക്കും ഒപ്പമായിരുന്നു കൊലക്കേസ് പ്രതികളുടെ ചിത്രങ്ങള്‍ പതിച്ച കൊടികള്‍ ഉത്സവത്തിനിടെ വീശിയത്.
ഇതിനു മുമ്പ് കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തിലെ തിരുവാതിര ആഘോഷത്തിനിടെ പാര്‍ട്ടിഗാനങ്ങള്‍ പാടിയത് വന്‍ വിവാദമായിരുന്നു. ദേവസ്വം ബോര്‍ഡിന് ഇതിനെതിരായി നടപടികളും എടുക്കേണ്ടിവന്നു. ആരാധനാലയങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അരങ്ങാക്കി മാറ്റുന്നത് കോടതിയും വിലക്കിയിട്ടുണ്ട്. എന്നാല്‍ സി പി എം ശക്തികേന്ദ്രങ്ങളില്‍ ക്ഷേത്ര ഉത്സവങ്ങള്‍ പാര്‍ട്ടി ആഘോഷം ആക്കി മാറ്റുന്നത് വര്‍ധിച്ച് വരുന്നതായാണ് കണ്ണൂരിലും കാണാന്‍ കഴിയുന്നത്. മുഴപ്പിലങ്ങാടിനും തലശ്ശേരിക്കും, കതിരൂരിനും പിന്നാലെയാണ് കൂത്ത്പറമ്പ് പറമ്പായി കുട്ടിച്ചാത്തന്‍ മഠം ഉത്സവത്തിന്റെ ഭാഗമായ കലശ ഘോഷയാത്രയിലും സി പി എം പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. മറ്റിടങ്ങളില്‍ പാര്‍ട്ടി കൊടികളും, പാര്‍ട്ടി നേതാക്കളുടെ ചിത്രങ്ങളുമാണ് ഉപയോഗിച്ചതെങ്കില്‍ കൂത്ത്പറമ്പ് പറമ്പായി കുട്ടിച്ചാത്തന്‍ മഠം ഉത്സവത്തിന്റെ ഭാഗമായ കലശ ഘോഷയാത്രയില്‍ മുഴപ്പിലങ്ങാട് സൂരജ് വധക്കേസ് പ്രതികളുടെ ചിത്രം പതിച്ച കൊടികള്‍ പറത്തിയായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ ശക്തി പ്രകടനം. ചെഗുവേരയുടെ ചിത്രമുള്ള കൊടികളും ഇവിടെ ഉയര്‍ന്നു.
മുഴപ്പിലങ്ങാട് സൂരജ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച 8 പേരുടെ ചിത്രങ്ങള്‍ പതിച്ച ചുവന്ന കൊടികളുമായാണ് ക്ഷേത്ര പരിസരത്ത് സിപിഎം ഫാന്‍സുകാര്‍ എത്തിയത്. സി പി എം ശക്തികേന്ദ്രമാണ് ഈ പ്രദേശം. ക്ഷേത്രകലശ ആഘോഷത്തിനിടെ എ കെ ജിയുടെയും ഇ എം എസിന്റെയും പേര് പറഞ്ഞുള്ള മുദ്രാവാക്യം വിളിയും മുഴങ്ങി. വിപ്ലവഗാനങ്ങളും ഡിജെ ലൈറ്റുകള്‍ക്കും ഒപ്പമായിരുന്നു കൊലക്കേസ് പ്രതികളുടെ ചിത്രങ്ങള്‍ പതിച്ച കൊടികളുമായി അണികള്‍ അണിനിരന്നത്. പതാകകള്‍ വീശുന്നതിനൊപ്പം പ്രതികളെ പ്രകീര്‍ത്തിക്കുന്ന വാഴ്ത്തു പാട്ടുകളും മുദ്രാവാക്യങ്ങളും ഉയര്‍ന്നു.
സമീപകാലത്ത് കണ്ണൂര്‍ ജില്ലയിലെ ഉത്സവപ്പറമ്പുകളില്‍ സിപിഎമ്മും ബിജെപിയും ചേരിതിരിഞ്ഞ് ശക്തി പ്രകടനം നടത്തുന്നത് പതിവായിട്ടുണ്ട്. എന്നാല്‍ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത് പ്രവര്‍ത്തകര്‍ ഉത്സവപ്പറമ്പില്‍ എത്തുന്നത് ഇതാദ്യത്തെ സംഭവമാണ്,. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണന്‍, ടി.പി ചന്ദ്രശേഖരന്‍ വധ കേസ് പ്രതി ടി. കെ രജീഷ് എന്നിവര്‍ അടക്കം 9 പേരെയായിരുന്നു സൂരജ് വധക്കേസില്‍ കോടതി ശിക്ഷിച്ചത്. ഇവരുടെ ചിത്രങ്ങള്‍ പതിച്ച കൊടികള്‍ എന്തിന് ക്ഷേത്ര ഉത്സവത്തില്‍ കൊണ്ടുവന്ന് എന്നതിന് സി പി എം നേതൃത്വം വരും ദിനങ്ങളില്‍ മറുപടി പറയേണ്ടി വരും