സിപിഎം ഭരിക്കുന്ന നഗരസഭയുടെ ക്രൂരത; കണ്ണൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു

Jaihind Webdesk
Tuesday, June 18, 2019

Kannur-Pravasi-suicide

കോടികൾ മുടക്കി നിർമ്മിച്ച  ഓഡിറ്റോറിയത്തിന്‍റെ അനുമതി അകാരണമായി നഗരസഭ തടഞ്ഞുവെച്ചതിൽ മനംനൊന്ത് കണ്ണൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു. കണ്ണൂർ കൊറ്റാളി സ്വദേശി സാജൻ പാറയിലാണ് ആത്മഹത്യ ചെയ്തത്.  ആന്തൂർ നഗരസഭക്കെതിരെയാണ് ആരോപണം

ഇരുപത് വർഷം നീണ്ട പ്രവാസ ജീവിതത്തിന്‍റെ സമ്പാദ്യം മുടക്കിയാണ് സാജൻ പാറയിൽ എന്ന വ്യവസായി കണ്ണൂർ ബക്കളത്ത് ഓഡിറ്റോറിയം നിർമ്മിച്ചത്. 16 കോടി രൂപ ഇതിനായി ചെലവഴിച്ചു. എന്നാൽ കെട്ടിടത്തിന് അന്തിമാനുമതി  നൽകാൻ ആന്തൂർ നഗരസഭ തയ്യാറായില്ല.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ പി.കെ ശ്യാമളയാണ് ആന്തൂർ നഗരസഭ ചെയർപേഴ്സൺ. ചെയർപേഴ്സനെ നേരിട്ട് കണ്ടിട്ടും അനുകൂല തീരുമാനം ഉണ്ടായില്ലെന്നാണ് ആരോപണം.

കെട്ടിടത്തിന്‍റെ അന്തിമാനുമതിക്കായി സാജൻ നിരവധി തവണ നഗരസഭാ ഓഫിസ് കയറി ഇറങ്ങി. നിസ്സാര  കാരണങ്ങൾ പറഞ്ഞ് അനുമതി നൽകുന്നത്  നീട്ടിക്കൊണ്ടു പോവുകയായിരുന്നു. അന്തിമാനുമതി ലഭിക്കാത്തത് സാജനെ മാനസികമായി തളർത്തിയെന്നും ബന്ധുക്കളും നാട്ടുകാരും പറയുന്നു. എന്നാൽ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് അനുമതി വൈകിയത് എന്നാണ് നഗരസഭയുടെ വിശദീകരണം.