അരുവിക്കരയിലെ കാലുവാരല്‍ ; വി.കെ. മധുവിനെതിരെ നടപടി വേണമെന്ന് സിപിഎം അന്വേഷണ കമ്മീഷന്‍

Jaihind Webdesk
Tuesday, August 24, 2021

തിരുവനന്തപുരം : അരുവിക്കരയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വി.കെ. മധുവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് പാർട്ടി അന്വേഷണ കമ്മീഷന്‍.

പി.ബി അംഗവും ജില്ലയുടെ ചുമതലക്കാരനുമായ കോടിയേരി ബാലകൃഷ്ണന്റെയും സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്റേയും സാന്നിധ്യത്തില്‍ നടന്ന ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ മധുവിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎം അന്വേഷണ സമിതിയെ നിയോഗിച്ചത്. മുന്‍ മേയറും ജില്ലാ സെക്രട്ടേറിയറ്റംഗവുമായ സി.ജയന്‍ ബാബു കണ്‍വീനറായും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.സി വിക്രമന്‍, ആര്‍.രാമു എന്നിവരായിരുന്നു കമ്മീഷന്‍ അംഗങ്ങള്‍.

നിയമസഭ സ്ഥാനാര്‍ത്ഥിത്വം ലക്ഷ്യംവച്ച് മണ്ഡലത്തില്‍ സജീവമായിരുന്നു മധു. സ്ഥാനാര്‍ത്ഥിയാകുമെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നു. എന്നാല്‍ അവസാനനിമിഷം സംസ്ഥാന നേതൃത്വം മധുവിനെ വെട്ടി ജി.സ്റ്റീഫനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മധു സഹകരിച്ചില്ലെന്നും കാലുവാരിയെന്നുമായിരുന്നു  പരാതി. സ്റ്റീഫനെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടയായിരുന്നു മധുവിന്റെ പ്രവര്‍ത്തനങ്ങളെന്നും ജില്ലാ സെക്രട്ടേറിയറ്റില്‍ ആരോപണമുയര്‍ന്നിരുന്നു.

അതേസമയം അന്വേഷണ കമ്മീഷന്‍ റിപ്പോർട്ട് 27ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റും കമ്മറ്റിയും ചർച്ച ചെയ്യും. പാർട്ടി സെക്രട്ടറി എ. വിജയരാഘവൻ യോഗത്തിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് വി.കെ. മധു മനഃപൂർവം വിട്ടുനിന്നത് താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളെ ബാധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.