ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സി.പി.എം ഉരുണ്ടുകളിക്കുകയാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി.
ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുകൂല നിലപാട് സ്വീകരിച്ചവരാണ് സി.പി.എം നേതൃത്വം നല്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍. സുപ്രീംകോടതിവിധിക്കെതിരേ വിശ്വാസസമൂഹത്തിന്റെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ അനുരഞ്ചനം ആകാമെന്ന നിലപാടെടുത്ത സി.പി.എമ്മിന്റെ കള്ളക്കളി ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ വിലപ്പോകില്ല.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സ.പി.എമ്മിന് ആത്മാര്‍ത്ഥയുണ്ടെങ്കില്‍ റിവ്യൂഹര്‍ജി നല്കാന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ് വേണ്ടത്. കൂടാതെ സുപ്രീംകോടതിയില്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലവും പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്കുവാന് സി.പി.എമ്മിന് കഴിയുമോയെന്നും കൊടിക്കുന്നില്‍ സുരേഷ് ചോദിച്ചു.
ജനവികാരം സര്‍ക്കാരിനെതിരായപ്പോള്‍ അത് തണുപ്പിക്കുന്നതിന് വേണ്ടിയുള്ള ചെപ്പടിവിദ്യയാണ് സി.പി.എമ്മിന്റെ ഇപ്പോഴത്തെ നിലപാട് മാറ്റം. ശബരിമലയില്‍ നിലനിന്നുവന്നിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാര അനുഷ്ഠാനങ്ങളുടെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന സാഹചര്യം സൃഷ്ടിച്ചത് പിണറായി സര്‍ക്കാരിന്റെ ദുര്‍വാശിയാണ്. വിശ്വാസികളെ വികാരം മാനിച്ച് സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും കൊടിക്കുന്നില്‍ സുരേഷ് മുന്നറിയിപ്പ് നല്കി.