ബ്രൂവറി വിവാദത്തിൽ സിപിഎം മന്ത്രിമാർ തമ്മിൽ തർക്കം രൂക്ഷമാകുന്നു

Jaihind Webdesk
Saturday, September 29, 2018

ബ്രൂവറി വിവാദത്തിൽ സിപിഎം മന്ത്രിമാർ തമ്മിൽ തർക്കം രൂക്ഷമാകുന്നു. ബ്രൂവറി തുടങ്ങാന്‍ പവര്‍ ഇന്‍ഫ്രാടെക്കിന് കിന്‍ഫ്ര പാര്‍ക്കില്‍ ഭൂമി നല്‍കിയിട്ടില്ലെന്ന് വ്യവസായി മന്ത്രി ഇ.പി ജയരാജൻ. എന്നാൽ പത്തേക്കര്‍ ഭൂമി അനുവദിച്ചുവെന്നാണ് എക്‌സൈസ് വകുപ്പിന്‍റെ ഉത്തരവിലുള്ളത്‌.

ബ്രൂവറി തുടങ്ങാന്‍ പവര്‍ ഇന്‍ഫ്രാടെക്കിന് കിന്‍ഫ്ര പാര്‍ക്കില്‍ ഭൂമി നല്‍കിയിട്ടില്ലെന്ന് വ്യവസായി മന്ത്രി ഇ.പി ജയരാജൻ വ്യക്തമാക്കിയതോടെ സംസ്ഥാന സര്‍ക്കാരിന്‍റെ ബ്രൂവറി വിഷയത്തിലെ മറ്റൊരു വാദം കൂടെ ഇതോടുകൂടെ പൊളിയുകയാണ്. ബ്രൂവറിക്കായി പലയിടത്തും ഭൂമി നല്‍കിയെന്ന നാല് ഉത്തരവുകളാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. പവര്‍ ഇന്‍ഫ്രാടെക് എന്ന കമ്പിനിക്ക് എറണാകുളത്ത് കിന്‍ഫ്രാ പാര്‍ക്കില്‍ 10 ഏക്കര്‍ നല്‍കിയെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞത്. എന്നാല്‍ കിന്‍ഫ്രാ പാര്‍ക്കില് ഇങ്ങനെയൊരു 10 ഏക്കര്‍ അനുവദിച്ചിട്ടില്ല. ഈ ഭൂമിയുടെ അടിസ്ഥാനത്തിലാണ് ബ്രൂവറിക്ക് അനുമതി നല്‍കിയിരുന്നതെന്നാണ് എക്‌സൈസ് വകുപ്പിന്‍റെ ഉത്തരവിലുള്ളത്‌.

അനുവദിക്കാത്ത ഭൂമിയുടെ പേരിലാണ് വിവാദമെന്ന് പറഞ്ഞ് വിഷയത്തിൽ നിന്ന് പിന്മാറുകയാണ് വ്യവസായ മന്ത്രി. ഇതോടെ സര്‍ക്കാര്‍ ഉത്തരവ് തെറ്റാണെന്ന് വ്യക്തമായിരിക്കുകയാണ്. ഇല്ലാത്ത ഭൂമിയുടെ പേരില്‍ എങ്ങനെ ബ്രൂവറി അനുവദിക്കാന്‍ എക്സൈസ് വകുപ്പ് ഉത്തരവിറക്കി എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്‌.