അലനും താഹയും സിപിഎം പ്രവർത്തകര്‍ തന്നെ… പന്തീരാങ്കാവ് യുഎപിഎ കേസിൽ മുഖ്യമന്ത്രിയെ തള്ളി സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വം

Jaihind News Bureau
Thursday, January 23, 2020

പന്തീരങ്കാവ് യു എ പി എ കേസിൽ മുഖ്യമന്ത്രിയെയും പി.ജയരാജനെയും തള്ളി സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ രംഗത്ത്. അലനും താഹയും മാവോയിസ്റ്റുകൾ ആണോ എന്ന് പറയാറായിട്ടില്ലെന്ന് പി മോഹനൻ വ്യക്തമാക്കി. ഇരുവർക്കും എതിരെ പാർട്ടി ഇതുവരെ നടപടി എടുത്തിട്ടില്ലെന്നും പി.മോഹനൻ വിശദീകരിച്ചു.

മുഖ്യമന്ത്രിയുടെ ഈ നിലപാടാണ് പി.മോഹനൻ തള്ളി കളഞ്ഞത്. യു എ പി എ നിയമത്തിന് സിപിഎം ഇപ്പോഴും എതിരെന്ന് അദേഹം പറഞ്ഞു. പോലീസ് ഭാഷ്യമാണ് മുഖ്യ മന്ത്രി പറഞ്ഞത്. അലനും താഹയും മാവോയിസത്തിന്റെ സ്വാധീനത്തിൽ പെട്ട് പോയിട്ടുണ്ടോ എന്ന് സിപിഎം ഇപ്പോഴും പരിശോധിച്ചുവരികയാണെന്നും പി മോഹനൻ വ്യക്തമാക്കി.

അലന്റെയും താഹയുടെയും ഭാഗം കേൾക്കാൻ ഇതുവരെ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. പി ജയരാജൻ പറഞ്ഞതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ല. അലനും താഹയും നിരപരാധിത്വം തെളിയിച്ച് പുറത്തു വരാനാണ് സിപിഎം ആഗ്രഹിക്കുന്നത്.
ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതിനാൽ അവരുടെ ഭാഗം കേൾക്കാൻ ആയിട്ടില്ല. അലനും താഹയും ഇപ്പോഴും പാർട്ടി അംഗങ്ങൾ തന്നെ എന്നും പി മോഹനൻ അറിയിച്ചു.