ക്വിറ്റ് ഇന്ത്യാ സമരത്തിൽ കമ്യൂണിസ്റ്റുകാർക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ച് പിബി അംഗം എസ്‌. രാമചന്ദ്രൻപിള്ള

Jaihind Webdesk
Wednesday, August 18, 2021

കണ്ണൂർ : സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായ ക്വിറ്റ് ഇന്ത്യാ സമരത്തിലടക്കം പങ്കെടുത്ത് ശക്തമായ പോരാട്ടം നടത്തിയവരാണ് കമ്യൂണിസ്റ്റുകാരെന്ന് കേരളത്തിലെ പ്രധാന നേതാക്കളും കുട്ടി സഖാക്കളും ചാനൽ ചർച്ചകളിലുടെയും പ്രസംഗങ്ങളിലുടെയും നാഴികയ്ക്ക് നാൽപത് വട്ടം ആവർത്തിക്കുന്പോഴും ക്വിറ്റ് ഇന്ത്യാ സമരത്തിൽ പാർട്ടിക്ക് തെറ്റ് പറ്റിയെന്ന് പരസ്യമായി സമ്മതിച്ച് സിപിഎം പോളിറ്റ് ബ്യാറോ അംഗം എസ്‌. രാമചന്ദ്രൻപിള്ള.

തിരുവനന്തപുരത്ത് ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ 75 വർഷങ്ങൾ’ വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിനിടെയാണ് പൊതുവേദിയിൽ എസ്ആർപിയുടെ കുറ്റം സമ്മതം. ഓഗസ്റ്റ് 16 ന് പാർട്ടി പത്രമായ ദേശാഭിമാനി തന്നെ ഈ പ്രസംഗം 10 ാം പേജിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടന്‍റെ യുദ്ധ യത്‌നങ്ങളിൽ തടസമുണ്ടാക്കുമെന്നു കരുതിയാണ്‌ കമ്യൂണിസ്റ്റ്‌ പാർട്ടി ക്വിറ്റ്‌ ഇന്ത്യാ സമരത്തിൽ പങ്കെടുക്കാതിരുന്നതാണ് എസ്ആർപി പറയുന്നത്.

സ്വാതന്ത്യ ദിനാഘോഷത്തിന്‍റെ രാത്രി വരെ ക്വിറ്റി ഇന്ത്യ സമരത്തിൽ പാർട്ടിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് ഡിവൈഎഫ്ഐ നേതാക്കളടക്കം ചാനൽ ചർച്ചയിൽ വെല്ലുവിളിക്കുന്പോഴാണ് പോളിറ്റ് ബ്യാറോ അംഗത്തിന്‍റെ മാനസാന്തരം. രണ്ടാം ലോക യുദ്ധത്തിന്‍റെ ഒരു ഘട്ടത്തിലെടുത്ത നിലപാടു സംബന്ധിച്ച്‌ ചില  പോരായ്‌മകൾ പാർട്ടിക്ക് ഉണ്ടായി എന്ന് എസ്ആർപി പ്രസംഗത്തിൽ സമ്മതിക്കുന്നു.

രണ്ടാം ലോക മഹായുദ്ധം സാമ്രാജ്യത്വ ശക്തികൾ ലോകത്തെ വെട്ടിമുറിക്കാൻ നടത്തിയ യുദ്ധമായിരുന്നു. അതിനെതിരേ ജനങ്ങളെ അണിനിരത്തുന്ന പ്രവർത്തനം ഇന്ത്യയിൽ കമ്യൂണിസ്റ്റുകാർ നടത്തിയെന്നും പറയുന്ന എസ്ആർപി, ജർമനി -സോവിയറ്റ്‌ യൂണിയനെ ആക്രമിച്ചതോടെ യുദ്ധത്തിന്‍റെ സ്വഭാവത്തിൽ മാറ്റമുണ്ടായതായി പറയുന്നു. ഇതോടെ സ്വന്തം രാജ്യത്തെക്കാൾ കൂറ് സോവിയറ്റ് യൂണിയനോടാണെന്ന്  പറയാതെ പറയുകയാ യിരുന്നു എസ്ആർപിയെന്ന് വ്യക്തം.

തൊഴിലാളി വർഗത്തിന്‍റെ ആദ്യ ഭരണകൂടമായ സോവിയറ്റ്‌ യൂണിയനെ സംരക്ഷിക്കുക പുരോഗമനശക്തികളുടെ പ്രധാന കടമയായിരുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ കണ്ടെത്തൽ. ബ്രിട്ടന്‍റെ സഹായിക്കാനാണ് പാർട്ടി ക്വിറ്റ്‌ ഇന്ത്യാ സമരത്തിൽ പങ്കെടുക്കാതിരുന്നതാണ് എസ്ആർപിയുടെ പക്ഷം. ഇത്‌ ആശയക്കുഴപ്പമുണ്ടാക്കി. സാർവദേശീയ വൈരുധ്യങ്ങളെ ദേശീയ വൈരുധ്യങ്ങളുമായി സംയോജിപ്പിക്കുന്നതിൽ പിശക്‌ സംഭവിച്ചതായി സമ്മതിച്ച അദ്ദേഹം പിന്നീട്‌ രാജ്യമെമ്പാടും ഉയർന്ന സമരങ്ങളിൽ കമ്യൂണിസ്റ്റുകാർ മുൻപന്തിയിൽ നിന്നുവെന്നും പറഞ്ഞ് ആശ്വാസം കൊള്ളുകയും ചെയ്യുന്നു.