കടക്ക് പുറത്ത്; സമ്മേളനം തുടങ്ങും മുമ്പേ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും യു കെ പ്രതിനിധിയെ പുറത്താക്കി സിപിഎം

Jaihind News Bureau
Wednesday, April 2, 2025

മധുരയില്‍ സമ്മേളനം തുടങ്ങും മുമ്പേ യുകെ പ്രതിനിധിയോട് ‘കടക്ക് പുറത്ത് ‘ പറഞ്ഞ് സിപിഎം. യുകെ ബിസിനസുകാരനും മലയാളിയുമായ രാജേഷ് കൃഷ്ണയെയാണ് പാര്‍ട്ടി നേതൃത്വം ഇടപെട്ട് അവസാന നിമിഷം ഒഴിവാക്കിയത്. കേരള ഘടകം നേതാക്കളുടെ വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി ഉണ്ടായത്.

യുകെ മലയാളികള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലുമൊക്കെ ഒരു അന്തം കമ്മി പരിവേഷമുള്ള രാജേഷിന്റെ പ്രാതിനിധ്യം കേന്ദ്രക്കമ്മറ്റിയിലാണ് ചോദ്യം ചെയ്യപ്പെട്ടത്. യുകെ കാര്യങ്ങളുടെ ചുമതലയുള്ള എം എ ബേബി തന്നെ ഇതില്‍ ഇടപെട്ടതായാണ് വിവരം. പോളിറ്റ് ബ്യൂറോയിലെ സീനിയര്‍ മെമ്പറായ എം എ ബേബിയ്‌ക്കെതിരേ പലപ്പോഴും നിലപാട് എടുത്തിട്ടുള്ള ആളാണ് രാജേഷ് കൃഷ്ണ.

പ്രവാസിയായ ഒരാളെ വിദേശ പ്രതിനിധിയായി ഉള്‍പ്പെടുത്തുന്നത്. സിപിഎം ആദ്യമായാണ് . രാജേഷ് കൃഷ്ണയുടെ ചില ബിസിനസ് ബന്ധങ്ങളും ഇയാള്‍ക്കെതിരേ ഉയര്‍ന്ന പരാതികളും ചൂണ്ടിക്കാട്ടിയാണ് അവസാന നിമിഷം ഒഴിവാക്കിയത്. പല സിപിഎം നേതാക്കളുമായും വളരെ അടുത്ത ബന്ധമാണ് ഇയാള്‍ക്കുള്ളത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകന്റെ ബിനാമി എന്ന പ്രചരണവും പലപ്പോഴും ഉയര്‍ന്നിട്ടുണ്ട്. ഈ വഴിയില്‍ പാര്‍ട്ടി സെക്രട്ടറി ഗോവിന്ദനോടുള്ള അടുപ്പം മുതലാക്കി പാര്‍ട്ടി കോണ്‍ഗ്രസില്‍ ആളാവാനുള്ള ശ്രമം തടഞ്ഞതിനെ ഇ പി ജയരാജനും പിന്തുണച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മധുരയില്‍ എത്തിയ രാജേഷ് കൃഷ്ണയോട് സമ്മേളന വേദി വിടാന്‍ സിപിഎം നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവുകൂടിയാണ് ഇയാള്‍. ചിത്രത്തിന്റെ സംവിധായികയുടെ ഭര്‍ത്താവ് ഷര്‍ഷാദ് ഇയാള്‍ക്കെതിരെ പിന്നീട് ആരോപണം ഉന്നയിച്ചിരുന്നു. സിപിഎമ്മിന് ഷര്‍ഷാദ് പരാതി നല്‍കുകയും ചെയ്തിരുന്നു. കൂടാതെ പിണറായിയെ വിമര്‍ശിച്ച ഒരു മലയാളി പത്രപ്രവര്‍ത്തകനെ ലണ്ടന്‍ വിമാനത്താവളത്തില്‍ വച്ച് കയ്യേറ്റം ചെയ്‌തെന്ന ആരോപണവും ഇയാള്‍ക്കെതിരേ ഉണ്ടായിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളിലും മറ്റ് ബിസിനിസുകളിലുമുള്ള ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന വിലയിരുത്തലാണ് സിപിഎമ്മിന് ഉണ്ടായിരിക്കുന്നത്.