സിപിഎം ക്രിമിനലുകള്‍ക്കും അക്രമികളായ പോലീസുകാർക്കുമെതിരെ വധശ്രമത്തിന് കേസെടുക്കണം: കെ.സി. വേണുഗോപാല്‍ എംപി

Jaihind Webdesk
Friday, December 15, 2023

 

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചാലോ മുദ്രാവാക്യം വിളിച്ചാലോ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും കായികമായി മര്‍ദ്ദിക്കാനും വീടുകയറി ആക്രമിക്കാനും പോലീസിനും സിപിഎം ഗുണ്ടകള്‍ക്കും ആരാണ് അധികാരം നല്‍കിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.

മുഖ്യമന്ത്രിയും മന്ത്രിമാരുടെയും സഞ്ചാരം ഗുണ്ടാ ക്രിമിനല്‍ സംഘങ്ങളുമായിട്ടാണ്. മുഖ്യമന്ത്രിയുടെ ഗണ്‍മാനും അംഗരക്ഷകരും ആലപ്പുഴയില്‍ കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് ക്രൂരമായിട്ടാണ് തല്ലിയത്. മുഖ്യമന്ത്രി പെരുമ്പാവൂരില്‍ നല്‍കിയ മുന്നറിയിപ്പ് ആലപ്പുഴയില്‍ അണികളും പോലീസും പ്രാവര്‍ത്തികമാക്കുകയായിരുന്നു. യൂണിഫോമിട്ട തെരുവ് ഗുണ്ടകളെപ്പോലെയാണ് പോലീസ് ആലപ്പുഴയില്‍ പെരുമാറിയത്.

കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ.ജോബിനെയും അദ്ദേഹത്തിന്റെ ഭാര്യയേയും സിപിഎമ്മുകാരും സി ഐ ടി യുക്കാരും വീടുകയറി അക്രമിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു. തനിക്കെതിരേ പ്രതിഷേധിക്കുന്ന കോൺഗ്രസ് നേതാക്കളുടെ വീടുകയറി സ്ത്രീകളെ ഉൾപ്പെടെ മർദ്ദിക്കാൻ ആഹ്വാനം നൽകിയ മുഖ്യമന്ത്രി സംസ്ഥാനത്തിനു തന്നെ അപമാനമാണ്. ഈ രണ്ട് സംഭവത്തിലേയും സിപിഎം ക്രിമിനലുകള്‍ക്കെതിരെയും അക്രമികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വധശ്രമത്തിന് കേസെടുക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.