വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസില്‍ മുന്‍ അധ്യാപകനും സിപിഎം കൗൺസിലറുമായ ശശികുമാർ പോലീസ് പിടിയില്‍

Jaihind Webdesk
Friday, May 13, 2022

മലപ്പുറം: പോക്സോ കേസിൽ പ്രതിയായ മുൻ അധ്യാപകനും മലപ്പുറം നഗരസഭാ കൗൺസിലറുമായ സിപിഎം നേതാവ് കസ്റ്റഡിയിൽ. മലപ്പുറം സെന്‍റ് ജമാസ് സ്കൂളിലെ റിട്ട. അധ്യാപകൻ കെ.വി. ശശികുമാറാണ് പോലീസ് കസ്റ്റഡിയിലായത്. പീഡനക്കേസിൽ പ്രതിയായതോടെ ഇയാൾ മുങ്ങുകയായിരുന്നു. അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമായതോടെയാണ് പോലീസ് അദ്ധ്യാപകനെ കസ്റ്റഡിയിലെടുത്തത്.

പൂർവ്വ വിദ്യാർത്ഥികളുടെ ലൈംഗിക പീഡന പരാതിയെ തുടർന്ന് ഒളിവിൽ പോയ മുൻ അധ്യാപകൻ kv ശശികുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിവാദത്തെ തുടർന്ന് ഒളിവിൽ പോയ ശശികുമാറിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തിതിട്ടുണ്ട്. St ജമാസ് സ്കൂളിൽ അധ്യാപകനായിരുന്ന ശശികുമാർ സി.പി.എം വെളുത്തേടത്തുമണ്ണ  ബ്രാഞ്ച് അംഗമായിരുന്നു. 3 തവണയായി നഗരസഭയിലെ 11 വാർഡ് കൗൺസിലറാണ്. സംഭവം വിവാദമായതോടെ കൗൺസിലർ സ്ഥാനം ബുധനാഴ്ച രാജിവച്ചു.

മുഖം രക്ഷിക്കൽ നടപടിയുടെ ഭാഗമായി കെ. വി ശശികുമാറിനെ സി പി എം കഴിഞ്ഞ ദിവസം സസ്പെന്‍റ് ചെയ്തു. ശശികുമാർ ജോലി ചെയ്തിരുന്ന സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്, മുൻ അധ്യാപകനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സർവ്വീസിലിരിക്കെ 30 വർഷം ലൈംഗികമായി പീഡിപ്പിച്ചെന്നാനായിരുന്നു പരാതി. സ്‌കൂളിലെ ഒമ്പത് മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള നിരവധി വിദ്യാര്‍ഥിനികളെ ഇദ്ദേഹം ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ഇത് സംബന്ധിച്ച പരാതികള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് പല തവണ കൈമാറിയിട്ടും നടപടിയെടുത്തിട്ടില്ലെന്നും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 50 ലധികം പേര്‍ ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തുണ്ട്.