വിഴിഞ്ഞം തുറമുഖ സമരത്തിനെതിരെ ഒന്നിച്ച് സിപിഎമ്മും ബിജെപിയും ; നേതാക്കള്‍ ഒരേ വേദി പങ്കിട്ടു.

Jaihind Webdesk
Tuesday, November 1, 2022

തുറമുഖ സമരത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയുടെ സമരവേദിയിലാണ്  സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനാവൂര്‍ നാഗപ്പനും ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷും ഒരുമിച്ചെത്തിയത്.

മുല്ലൂരില്‍ നടത്തിവരുന്ന പ്രതിഷേധത്തിന്റെ തുടര്‍ച്ചയായി സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ ലോങ്മാര്‍ച്ചിലാണ് ബി.ജെ.പി- സി.പി.എം. നേതാക്കള്‍ ഒരുമിച്ചെത്തിയത്. തുറമുഖ നിര്‍മ്മാണത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സമരം നടക്കുന്ന മുല്ലൂരിലെ പ്രാദേശിക കൂട്ടായ്മയാണ് സമരത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. സമരപന്തല്‍ പൊളിക്കണമെന്നും തുറമുഖം തടസ്സപ്പെടുത്തരുതെന്നുമാണ് ഇവരുടെ ആവശ്യം.

വിഴിഞ്ഞം സമരത്തിനെതിരെ ജനങ്ങള്‍ അണിനിരക്കണമെന്ന് ആനാവൂര്‍ നാഗപ്പന്‍ പരിപാടിയില്‍ പറഞ്ഞു. സമരത്തിനെതിരായ കൂട്ടായ്മകള്‍ക്ക് സി.പി.എം. പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്നായിരുന്നു വി.വി. രാജേഷിന്റെ പ്രതികരണം.

അതിനിടെ, വിഴിഞ്ഞം സമരസമിതി കലാപത്തിനു കോപ്പു കൂട്ടുകയാണെന്ന ഗുരുതര ആരോപണവുമായി മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് രംഗത്തെത്തിയിരുന്നു. പൊലീസിനു നേരെ നിരവധി അക്രമ പ്രവര്‍ത്തനങ്ങളാണ് സമരക്കാര്‍ നടത്തുന്നത്. വള്ളവും വലയും കത്തിച്ച് പ്രദേശത്ത് ഭീതി ഉണ്ടാക്കുന്നതായും മന്ത്രി ആരോപിച്ചു.