വയനാട്ടില്‍ സി.പി.എം നേതാവ് പ്രളയത്തില്‍ വീട് തകര്‍ന്നുവെന്ന് വ്യാജരേഖ സമര്‍പ്പിച്ച് പണം തട്ടിയെന്ന ആരോപണവുമായി നെന്‍മേരി യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി രംഗത്ത്. നെന്മേനി പഞ്ചായത്തംഗവും, സിപിഎം കുന്താണി ബ്രാഞ്ച് സെക്രട്ടറിയും, ബത്തേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയുമായി പി.കെ സത്താറിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. സത്താറിന്‍റെ ഭാര്യയുടെ പേരിലുള്ള വീട് കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്നെന്ന് കാണിച്ച് ഈ സ്ഥലത്തിന്‍റെ മുന്‍ ഉടമയുടെ പേരിലുള്ള പഴയ രേഖകള്‍ കാണിച്ച് ലക്ഷങ്ങള്‍ പാസ്സാക്കുകയും പണം കൈപ്പറ്റുകയും ചെയ്‌തതായാണ് നെന്മേനി യു.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. സ്ഥലത്തിന്‍റെ മുന്‍ ഉടമസ്ഥന്‍റെ പേരിലുള്ള പഴയ രേഖകള്‍ ഹാജരാക്കി പഞ്ചായത്തിനെയും വില്ലേജിനെയും തെറ്റിദ്ധരിപ്പിച്ച് തകരാത്ത വീടിന്‍റെ റിപ്പയിറിംഗിന് എമര്‍ജന്‍സി ഫണ്ടായി സര്‍ക്കാര്‍ അനുവദിച്ച പതിനായിരം രൂപ കൈപ്പറ്റി. തുടര്‍ന്ന് പൂര്‍ണ്ണമായും തകര്‍ന്ന വീടുകളുടെ ലിസ്റ്റില്‍ തന്‍റെ അധികാരവും സ്വാധീനവും ഉപയോഗിച്ച് പേര് ഉള്‍പ്പെടുത്തുകയും നാല് ലക്ഷം രൂപ പാസാക്കി ഇതില്‍ ഒരു ലക്ഷം രൂപ മുന്‍കൂറായി കൈപ്പറ്റിയെന്നുമാണ് യുഡിഎഫിന്‍റെ ആരോപണം.
ഇതിനു പുറമെ അധികാരം ദുരുപയോഗം ചെയ്‌ത് സത്താറിന്‍റെ വീടിന് സമീപത്തുള്ള കുളം നവീകരണത്തിന്റെ ഭാഗമായി 10ലക്ഷം രൂപ ബ്ലോക്ക് ഫണ്ട് അനുവദിപ്പിച്ചെന്നും ആരോപിച്ച നേതാക്കള്‍ ഇത്തരം അഴിമതിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നേതാക്കളായ പി മൊയ്‌തീന്‍, സി.റ്റി ചന്ദ്രന്‍, കെ.കെ ചന്ദ്രന്‍, ഷബീര്‍ എന്നിവര്‍ പറഞ്ഞു. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണന്ന് പി.കെ.സത്താര്‍ പറഞ്ഞു. തന്റെ ഭാര്യയുടെ പേരില്‍ 17-ആം വാര്‍ഡിലുള്ള വീട് ഭാഗികമായി പ്രളയത്തില്‍ തകര്‍ന്നിരുന്നു. എന്നാല്‍ ഇതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് എവിടെയും അപേക്ഷ നല്‍കിയിട്ടില്ലന്നും മറ്റാരെങ്കിലും അപേക്ഷനല്‍കി പണം കൈപറ്റിയോ എന്നറിയില്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നും പി.കെ.സത്താര്‍ പറഞ്ഞു.